റാസല്‍ഖൈമ: യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ രണ്ട് ഗള്‍ഫ് സ്വദേശികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. കേസിലെ മറ്റൊരു പ്രതിക്ക് ഏഴ് വര്‍ഷം തടവുശിക്ഷയും വിധിച്ചു. റാസല്‍ഖൈമ ക്രിമിനല്‍ അപ്പീല്‍ കോടതിയാണ് വിധി ശരിവച്ചത്.അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് പ്രതികള്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിനിരയാക്കിയതെന്നാണ് കേസ്.
ഇരയെ പ്രതികള്‍ കാറില്‍ കയറ്റി വിജനമായ മരുഭൂമിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് പ്രതികളും യുവാവിന്റെ വലത് കയ്യിലും ഇടത് തോളിലുമായി വെടിവെച്ചു. കേസിലെ മൂന്നാം പ്രതി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം രണ്ടുപ്രതികള്‍ ഇയാളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു.തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയും സംഭവം പുറത്തുപറഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
റാസല്‍ഖൈമ പൊലീസിന്റെ പിടിയിലായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, പീഡനം, മര്‍ദ്ദനം, അപമാനിക്കല്‍, കൃത്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഭീഷണി എന്നിങ്ങനെ വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയത്. കേസ് ആദ്യം പരിഗണിച്ച റാസല്‍ഖൈമ പ്രാഥമിക കോടതി രണ്ടുപ്രതികള്‍ക്ക് ജീവപര്യന്തവും മൂന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവുശിക്ഷയും വിധിക്കുകയായിരുന്നു.












