നായ്പിറ്റോ: മ്യാന്‍മര്‍ സൈന്യത്തിന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ആങ് സാന്‍ സൂചി, പ്രസിഡന്റ് വിന്‍ മിന്റ് എന്നിവരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ സൈന്യം കനത്ത തിരിച്ചടി നേരിടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. മ്യാന്‍മറില്‍ ജനാധിപത്യ മാനദണ്ഡങ്ങളും നിയമ വാഴ്ചയും പാലിക്കപ്പെടണം. തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും യു.എസ് പിന്തുണക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.
അതേസമയം മ്യാന്‍മറില്‍ ഒരു വര്‍ഷത്തേക്ക് പട്ടാള ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് സൂചിയും വിന്‍ മിന്റും അറസ്റ്റിലാവുന്നത്. സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് അറസ്റ്റ്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നാളെ അധികാരം ഏറ്റെടുക്കാനിരിക്കെയാണ് സൈനിക നടപടി. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
രാജ്യത്ത് ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തലസ്ഥാനമായ നൈപിതോയില്‍ ടെലിഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. പ്രധാന നഗരമായ യാങ്കൂണിലും മൊബൈല്‍ സേവനം തടസപ്പെട്ടതായാണ് വിവരം. മ്യാന്‍മാറില്‍ എന്ത് സംഭവിക്കുന്നു എന്നത് സംബന്ധിച്ച് പുറംലോകത്തിന് വ്യക്തമായ ധാരണയില്ലാത്ത അവസ്ഥയാണ്.