തിരുവനന്തപുരം: തിരുവനപുരത്ത് കീം പ്രവേശന പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമന കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ കരകുളം സ്വദേശിയ്ക്കുമാണ് കോവിഡ് പോസിറ്റീവായത്. വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ തിരുവനന്തപുരത്ത് പരീക്ഷ നടത്തിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കി പരീക്ഷ നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
പൊഴിയൂര്‍ സ്വദേശിയ്ക്ക് നേരത്തെ രോഗലക്ഷണമുണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷയെഴുതിയത്. അതുകൊണ്ട് തന്നെ ഈ വിദ്യാര്‍ത്ഥിയക്ക് മറ്റുളളവരുമായി സമ്പര്‍ക്കമില്ല. എന്നാല്‍ കരകുളം സ്വദേശിക്കൊപ്പം പരീക്ഷയെഴുതിയ 20 വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യ വകുപ്പിന് കൈമാറി. ഈ വിദ്യാര്‍ത്തഇകളെ മുഴുവന്‍ നിരീക്ഷണത്തിലാക്കും. ജൂലൈ 16 നാണ് എഞ്ചിനീയറിംങ്, ഫാര്‍മസി കോഴ്‌സുകള്‍ക്കായുളള പ്രവേശന പരീക്ഷ നടത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരുന്നു പരീക്ഷ നടത്തിയത്. എന്നിരുന്നാലും ചില കേന്ദ്രങ്ങളുടെ മുന്നിലുണ്ടായ തിരക്കുകള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരുന്ന സമയത്താണ് പരീക്ഷാ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ തിരക്കുകള്‍ ഉണ്ടായത്.
തിരുവനന്തപുരത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 182 പേരില്‍ 170 സമ്പര്‍ക്ക രോഗികളാണ്. തലസ്ഥാനത്തെ സ്ഥിതി ഇപ്പോള്‍ വളരെ മോശമായി കൊണ്ടിരിക്കുകയാണ്.