വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലീജിയന്‍ ഓഫ് മെറിറ്റ് അവാര്‍ഡ് നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയതിനും ആഗോള ശക്തിയായുളള ഇന്ത്യയുടെ ആവിര്‍ഭാവത്തെ ത്വരിതപ്പെടുത്തുന്നതിന് നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം. ഏറെ കഴിവ് പുലര്‍ത്തുന്ന രാജ്യതലവന്മാര്‍ക്കോ സര്‍ക്കാരിനോ അമേരിക്ക നല്‍കുന്ന അംഗീകാരമാണ് ലീജിയന്‍ ഓഫ് മെറിറ്റ് അവാര്‍ഡ്. അമേരിക്കയില്‍ ട്രംപ് അധികാരത്തിലെത്തിയ ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുളള ഉഭയകക്ഷി ബന്ധം വലിയ രീതിയില്‍ ശക്തിപ്പെട്ടിരുന്നു. മോദിയും ട്രംപും തമ്മില്‍ മികച്ച രീതിയിലുളള സൗഹൃദമാണ് വെച്ചു പുലര്‍ത്തിയത്.
പ്രധാനമന്ത്രിക്ക് വേണ്ടി അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ താരഞ്ചിത് സിംഗ് സന്ധു അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മോദിക്കൊപ്പം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിനും ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കും ലീജിയന്‍ ഓഫ് മെറിറ്റ് പുരസ്‌കാരം നല്‍കി. ഇന്തോ -പസഫിക് റീജിയന്‍ സ്വതന്ത്രമാക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി വഹിച്ച പങ്കിനാണ് അദ്ദേഹം അര്‍ഹനായത്. ആഗോള പ്രശ്നങ്ങളെ തുറന്നു കാട്ടുകയും ഒരുമിച്ചുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് മുന്‍കയ്യെടുക്കുകയും ചെയ്തതിനാണ് സ്‌കോട്ട് മോറിസണിന് അവാര്‍ഡ് ലഭിച്ചത്.











