ന്യൂഡല്‍ഹി: ടിആര്‍പി റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചായിരുന്നു സുപ്രീംകോടതിയുടെ ഈ നിര്‍ദേശം.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അര്‍ണബിനോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതി നില്‍ക്കുന്ന ഫ്‌ലോറ ഫൗണ്ടേഷന് സമീപത്തെ വോര്‍ളിയിലാണ് റിപ്പബ്ലിക് ടിവിയുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ ഹൈക്കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ സുപ്രീംകോടതി ബോംബെ ഹൈക്കോടതിയില്‍ ഉറപ്പായും വിശ്വാസം ഉണ്ടായിരിക്കണമെന്നും വ്യക്തമാക്കി.
അതേസമയം ടിആര്‍പി തട്ടിപ്പ് കേസില്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ മുംബൈ പോലീസും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അന്വേഷണം സിബിഐക്ക് വിടണമെന്ന റിപ്പബ്ലിക്ക് ടിവിയുടെ ആവശ്യം തെറ്റിധരിപ്പിക്കുന്നതാണെന്ന് മുംബൈ പോലീസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ആര്‍ക്കും ക്രിമിനല്‍ അന്വേഷണത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ സാധിക്കില്ലെന്നും കുറ്റാരോപിതനായ ഒരു വ്യക്തിക്ക് അന്വേഷണത്തിന്റെ പ്രകൃതം തീരുമാനിക്കാനോ ആജ്ഞാപിക്കാനോ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി. മറ്റ് ചാനലുകളെല്ലാം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ റിപ്പബ്ലിക് ടിവി മാത്രമാണ് സഹകരിക്കാത്തതെന്നും പോലീസ് പറഞ്ഞു.











