തിരുവനന്തപുരം: ടൈറ്റാനിയം കമ്പനിയില്‍ നിന്നുള്ള ഫര്‍ണസ് ഓയില്‍ കടലിലും തീരത്തും ചേര്‍ന്നതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തി. ശംഖുമുഖം, വേളി തീരങ്ങളിലും കടലിലും സന്ദര്‍ശകരെ ഉള്‍പ്പടെ പൊതുജനങ്ങളെ നിരോധിച്ചതായി കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു.
ഇന്ന് രാവിലെയാണ് പൈപ്പ് പൊട്ടി കടല്‍ത്തീരത്ത് ഫര്‍ണസ് ഓയില്‍ പടര്‍ന്നത്. കറുത്ത നിറത്തില്‍ ഫര്‍ണസ് ഓയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം കടലില്‍ പടര്‍ന്നിട്ടുണ്ടെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. സ്ഥലത്തെത്തിയ എംഎല്‍എ വി.എസ് ശിവകുമാറിനോടും മറ്റ് ജനപ്രതിനിധികളോടും ടൈറ്റാനിയം അധികൃതരോടും മത്സ്യ തൊഴിലാളികള്‍ കടുത്ത ആശങ്ക അറിയിച്ചു. സ്ഥലത്ത് മീനുകള്‍ ചത്തുപൊന്തിയതായും മത്സ്യബന്ധനം നടത്താനാകില്ലെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും തൊഴിലാളികള്‍ പറഞ്ഞു.
അതേസമയം, പൈപ്പ് ലൈനിലെ ചോര്‍ച്ച ഉടന്‍ കണ്ടെത്തി അടച്ചതായും നിലവില്‍ ഓയില്‍ ചോരുന്നില്ലെന്നും ടൈറ്റാനിയം അധികൃതര്‍ പറഞ്ഞു. കടലില്‍ കലര്‍ന്ന ഫര്‍ണസ് ഓയില്‍ നീക്കം ചെയ്യാനുളള ശ്രമം നടക്കുകയാണ്.











