തിരുവനന്തപുരം: ചെറുപ്പക്കാരെയും പുതുമുഖങ്ങളെയും ഇറക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. സിപിഐഎം മത്സരിക്കുന്ന 70 സീറ്റില്‍ 46 സീറ്റിലും മത്സരിക്കുന്നത് വനിതകളാണ്. 41 വനിതാ സംവരണ വാര്‍ഡുകളും അതിന് പുറമെ വള്ളക്കടവ്, നെടുങ്കാട്, പൊന്നുമംഗലം, നെട്ടയം തുടങ്ങിയ അഞ്ച് ജനറല്‍ വാര്‍ഡുകളിലും സി.പി.ഐ.എം വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച 70 സ്ഥാനാര്‍ഥികളില്‍ 22 പേര്‍ 40 വയസില്‍ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. സ്ഥാനാര്‍ഥികള്‍ സാന്ത്വനപരിചരണ മേഖലയിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നവരും പൊതുപ്രവര്‍ത്തന മേഖലകളില്‍ സുസമ്മതരുമാണ്.
മുടവന്‍മുഗള്‍ വാര്‍ഡില്‍ മത്സരിക്കുന്നത് 21കാരിയായ ആര്യയാണ്. വഞ്ചിയൂരില്‍ വാര്‍ഡ് കൗണ്‍സിലറായ ബാബുവിന്റെ മകള്‍ 23കാരിയായ ഗായത്രിയാണ് സ്ഥാനാര്‍ഥി. കോളേജില്‍ നിന്ന് നേരിട്ട് തെരഞ്ഞെടുപ്പിലേക്ക് എത്തിയിരിക്കുകയാണ്. ചെറുവയ്ക്കലിലെ സൂര്യ ഹേമനും കേശവദാസപുരത്തെ അംശു വാനദേവനും പേട്ടയിലെ സി എസ് സുജേദേവിയും പുതിയ മുഖങ്ങളാണ്. കഴിഞ്ഞ കൗണ്‍സിലിലെ ചെറുപ്പക്കാരി വിദ്യമോഹന്‍ ഇത്തവണ ജഗതിയില്‍ നിന്നാണ് ജനവിധി തേടുന്നത്.
മേയര്‍ സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ എം.പി ഡോ. ടി.എന്‍.സീമയെ നിര്‍ത്താനുള്ള തീരുമാനം സി.പി.ഐ. എം സംസ്ഥാന നേതൃത്വം അനുവദിച്ചില്ല. ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.സി.ടി.എ) സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.ജി.ഒലീന മത്സര രംഗത്തുണ്ട്.
തിരുവനന്തപുരത്തിന് പുറമെ, ആലപ്പുഴയിലും വനിതാ സ്ഥാനാര്‍ഥികളാണ് കൂടുതല്‍. ജില്ലാപഞ്ചായത്ത് ഉള്‍പ്പെടെ ഭൂരിഭാഗം നേതൃസ്ഥാനങ്ങളിലും വനിതാ സാന്നിധ്യം ഉറപ്പായി. ആറു നഗരസഭകളില്‍ നാലും വനിതകള്‍ നയിക്കും. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിലും 72 ഗ്രാമപ്പഞ്ചായത്തുകളില്‍ 36- ലും സ്ത്രീകളാണ് മത്സരിക്കുന്നത്.