തൃശൂര്‍: തൃശൂരിലെ ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. ഓപ്പറേഷന്‍ റെയ്ഞ്ചര്‍ എന്ന പേരിലാണ് റെയ്ഡ്.നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് റെയ്ഞ്ച് ഡി.ഐ.ജി പറഞ്ഞു. മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പരിശോധന തുടരുമെന്ന് എസ് സുരേന്ദ്രന്‍ പറഞ്ഞു.
തൃശൂര്‍ സിറ്റി പൊലീസിന് കീഴില്‍ വരുന്ന 20 പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് വ്യാപക റെയ്ഡ് നടന്നത്. ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാന്‍ ഓരോ സ്‌റ്റേഷനിലും ഓരോ ഉദ്യോഗസ്ഥരുണ്ട്. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പരിശോധന തുടരുകയാണ്.
ക്രിമിനല്‍ നടപടിക്രമം 107, 108 വകുപ്പുകള്‍ പ്രകാരമുള്ള കരുതല്‍ നടപടികള്‍ കര്‍ശനമാക്കുകയും ബോണ്ട് ലംഘനം നടത്തുന്നവരെ കരുതല്‍ തടങ്കലിന് വിധേയമാക്കുകയും ചെയ്യും. കോടതികളില്‍ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകള്‍ സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. കൂടാതെ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുറ്റവാളികളുടെ കുറ്റകൃത്യങ്ങളുടെ രീതി അനുസരിച്ച് പ്രത്യേക ലിസ്റ്റ് തയാറാക്കുകയും അക്രമ സ്വഭാവികള്‍, പിടിച്ചുപറിക്കാര്‍, സാമ്ബത്തിക കുറ്റവാളികള്‍, മാലമോഷ്ടാക്കള്‍, മദ്യം മയക്കുമരുന്ന് കഞ്ചാവ് വില്‍പ്പനക്കാര്‍ എന്നിവരുടെയെല്ലാം ലിസ്റ്റ് തയാറാക്കി, നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്യും.