കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. ഒരു തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു. രണ്ട് തവണ എംഎല്‍എയായ ദീപക് ഹല്‍ദാര്‍ ആണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. ഡയമണ്ട് ഹാര്‍ബര്‍ എംഎല്‍എയാണ് ദീപക് ഹല്‍ദാര്‍. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. താന്‍ രണ്ടുവട്ടം എംഎല്‍എയായി സ്ഥാനമേറ്റയാളാണ്. എന്നാല്‍ 2017 മുതല്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അവസരം നല്‍കുന്നില്ലെന്നും അദ്ദേഹം പറയുന്നു. എംഎല്‍എ എന്ന നിലയില്‍ പ്രകടനം മോശമായതിനാല്‍ ഇത്തവണ ദീപക് ഹല്‍ദാറെ മത്സരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റ വിശദീകരണം. ഇതുകൊണ്ടാണ് എംഎല്‍എ പാര്‍ട്ടി വിട്ടത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ലെന്നും തൃണമൂല്‍ നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പേരാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പുറത്തു പോയത്. നിലവിലെ എംഎല്‍എമാരും മുന്‍ എംഎല്‍എമാരും ഉള്‍പ്പടെ ഏകദേശം 18 എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പ്രവേശിച്ചത്.