English മലയാളം

Blog

arnab

കെ. പി. സേതുനാഥ്

ഇന്ത്യയിലെ ഏറ്റവും ഹീനമായ മാധ്യമപ്രവര്‍ത്തന സംസ്‌കാരത്തിന്റെ ഉപജ്ഞാതാവും നടത്തിപ്പുകാരനുമാണ് അര്‍ണാബ് ഗോസ്വാമിയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവുമെന്നു തോന്നുന്നില്ല. ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികതയും, ദേശീയതയും ഒരുമിച്ചു ചേര്‍ന്ന ഭയാനകമായ ഒരു ഫാസിസ്റ്റു പ്രചാരണയജ്ഞമായി ദൈനംദിന മാധ്യമപ്രവര്‍ത്തനത്തെ മാറ്റിയ വ്യക്തിയാണ് ഗോസ്വാമി. ലോകമാകെ കണ്ടുവരുന്ന തീവ്രവലതുപക്ഷ പ്രചാരണ സംവിധാനങ്ങളുടെ ഇന്ത്യന്‍ പതിപ്പാണ് ഗോസ്വാമിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന റിപ്പബ്ലിക് ചാനലും. ദേശത്തിന്റെ പ്രഖ്യാപിത മാധ്യമകാവലാളായി സ്വയം അവതരിച്ചു കൊണ്ടാണ് ഗോസ്വാമി ജുഗുപ്സാവഹമായ മാധ്യമ സംസ്‌ക്കാരത്തിന്റെ അമരക്കാനാവുന്നത്.

നിരവധി എഴുത്തുകാരും, സാംസ്‌ക്കാരിക-സാമുഹിക-മാധ്യമ പ്രവര്‍ത്തകരും അയാളുടെ വേട്ടയാടല്‍ സംസ്‌കാരത്തിന് വിധേയമായിട്ടുണ്ട്. ചിലരെങ്കിലും ഇപ്പോള്‍ തടവറയിലുമാണ്. ഭീമ കൊറേഗാവോണ്‍ കേസ്സിലെ കുറ്റാരോപിതരായ സുധാ ഭരദ്വാജ്്, ഗൗതം നഖ്വാല തുടങ്ങിയവര്‍ ഉദാഹരണം. മഹാരാഷ്ട്ര പൊലീസ് രണ്ടു ദിവസം മുമ്പ് ഗോസ്വാമിയെ അറസ്റ്റു ചെയ്തപ്പോള്‍ സ്വാഭാവികമായും പലരും അയാള്‍ക്ക് കിട്ടേണ്ടത് കിട്ടി എന്ന അര്‍ത്ഥത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. അര്‍ഹിക്കുന്നത് തന്നെയാണ് അയാള്‍ക്ക് ലഭിച്ചതെന്ന മനോഭാവമായിരുന്നു പൊതുവെ പങ്കുവയ്ക്കപ്പെട്ടത്. പൊലീസ് നടപടിയെ അപലപിക്കുവാന്‍ മുംബെയിലെ പത്രപ്രവര്‍ത്തക യൂണിയന്‍ തയ്യാറായില്ലെന്ന കാര്യം ഗോസ്വമി മുന്നോട്ടു വെയ്ക്കുന്ന സംസ്‌ക്കാരം മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സൃഷ്ടിച്ച ധ്രുവീകരണത്തിന്റെ ആഴം വ്യക്തമാക്കുന്നു.

കേന്ദ്രമന്ത്രിമാരായ അമിത് ഷായും, പ്രകാശ് ജവാദ്ക്കറും പൊലീസ് നടപടിയെ നിന്ദിക്കുക മാത്രമല്ല മാധ്യമ സ്വാതന്ത്ര്യത്തിനു സംഭവിക്കുന്ന ഗ്ലാനിയെ പറ്റി ഉത്ക്കണ്ഠപ്പെടുകയും ചെയ്തു. സംഘപരിവാരത്തിന്റെ ആജ്ഞാനുവര്‍ത്തികള്‍ സ്വാഭാവികമായും ഇതേ പല്ലവി ആവര്‍ത്തിക്കുന്നു. സ്വതന്ത്രവും, ജനാധിപത്യപരവുമായ മാധ്യമ പ്രവര്‍ത്തനത്തിന് അപമാനമാണ് ഗോസ്വാമിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ അതിനുള്ള പരിഹാരം പൊലീസ് നടപടിയല്ല. മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഗോസ്വാമിയും കൂട്ടരും നടത്തുന്ന വിഷലിപ്തമായ പ്രചാരണം അപലപനീയമാവുമ്പോഴും അദ്ദേഹത്തെ അറസ്റ്റു ചെയ്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി അതേപടി അംഗീകരിക്കാനാവില്ല. സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റായ ഇന്ദിരാ ജയംസിംഗ് ചൂണ്ടിക്കാട്ടിയതു പോലെ മഹാരാഷ്ട്ര പൊലീസിന്റെ നടപടി നിയമവാഴ്ചയുടെ ലംഘനമാണ്. പോലീസിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമായ ഈ നടപടി ഉത്തര്‍ പ്രദേശിലും, മറ്റും നടക്കുന്ന ഭരണകൂട അടിച്ചമര്‍ത്തലിനു സമാനമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ആത്മഹത്യ ചെയ്യുവാന്‍ നിര്‍ബന്ധിതമാക്കിയ സാഹചര്യം സൃഷ്ടിച്ചുവെന്ന കേസ്സാണ് ഗോസ്വാമി നേരിടുന്നത്. 2018-ല്‍ ചാര്‍ജു ചെയ്ത ഈ കേസ്സ് തെളിവില്ലെന്ന പേരില്‍ മഹാരാഷ്ട്ര പൊലീസ് ഒരിക്കല്‍ അവസാനിപ്പിച്ചിരുന്നു. ബിജെപിയുമായുള്ള ബന്ധം പിരിഞ്ഞ് ശിവസേന സ്വന്തം നിലയില്‍ അധികാരമേറ്റശേഷം ആത്മഹത്യ ചെയ്ത വ്യക്തികളുടെ അനന്തരവാകാശികള്‍ നല്‍കിയ പുനരന്വേഷണ ഹര്‍ജിയുടെ പേരിലാണ് ഇപ്പോള്‍ ഗോസ്വാമിയുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയത്തിലെ വകുപ്പ്് 178 (8) പ്രകാരം ചാര്‍ജു ചെയ്ത കേസ്സില്‍ (പുനരന്വേഷണം) ചട്ട പ്രകാരം ഗോസ്വാമിക്ക് ചോദ്യം ചെയ്യുന്നതിനായി മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതുണ്ട്. വകുപ്പ് 91-പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കിയതിനു ശേഷം മാത്രമേ അറസ്റ്റു പോലുളള നടപടികളിലേക്കു കടക്കാനാവു എന്നാണ് ചട്ടം അനുശാസിക്കുന്നത്. ഗോസ്വാമിയുടെ കാര്യത്തില്‍ അത് പാലിക്കപ്പെട്ടിട്ടില്ല. പൊലീസും, മറ്റു പല അന്വേഷണ ഏജന്‍സികളും ഇത്തരത്തിലുള്ള നിയമലംഘനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നു എന്ന ന്യായം ചൂണ്ടിക്കാട്ടി ഗോസ്വാമിക്കെതിരായ നടപടിയെ നീതീകരിക്കാനാവില്ല.

Also read:  നീതി വ്യവസ്ഥയിലെ ചാതുര്‍വര്‍ണ്യം

നിയമപരമായി പ്രവര്‍ത്തിക്കുവാന്‍ ചുമതലപ്പെട്ട ഔദ്യോഗിക ഏജന്‍സികള്‍ നിയമം പരിപാലിക്കുന്നതില്‍ പുലര്‍ത്തുന്ന ചെറിയ വീഴ്ച്ചകള്‍ പോലും ചൂണ്ടിക്കാണിക്കുവാനും, അവ തിരുത്തണമെന്നു നിര്‍ബന്ധം പിടിക്കുവാനും ജനാധിപത്യവാദികള്‍ തികഞ്ഞ ഉത്തരവാദിത്തം പുലര്‍ത്തേണ്ടേതുണ്ട്. അല്ലാത്തപക്ഷം അത്തരം ചെയ്തികള്‍ വലിയ നിയമലംഘനങ്ങള്‍ക്ക് വഴിയൊരുക്കും. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ പൊടുന്നനെ ഗോസ്വാമിയെ അറസ്റ്റു ചെയ്ത നടപടി ഭരണഘടനാനുസൃതമല്ലെന്നു മാത്രമല്ല അത് അയാള്‍ക്ക് രാഷ്ട്രീയമായ വേട്ടയാടല്‍ നേരിടുന്ന ഇരയുടെ പരിവേഷം നല്‍കുന്നതിന് സഹായിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും വിരളമല്ല. ആത്മഹത്യക്കു പ്രേരണ നിര്‍ബന്ധിതമാക്കിയെന്ന കുറ്റം നിലനില്‍ക്കുന്നതിന് ശക്തമായ തെളിവുകള്‍ വേണമെന്ന് സുപ്രീംകോടതിയുടെ 2010ലെ ഒരു വിധി വ്യക്തമാക്കുന്നു. ആത്മഹത്യ കുറിപ്പിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അങ്ങനെയുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ആത്മഹത്യ ചെയ്ത വ്യക്തിയുടെ മരണം ഉറപ്പാക്കുന്ന ലക്ഷ്യത്തോടെ കുറ്റാരോപിതന്‍ പ്രവര്‍ത്തിച്ചുവെന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ഉണ്ടാവണമെന്നും പ്രസ്തുത വിധി വ്യക്തമാക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതമാക്കിയ വകുപ്പിനു തട്ടിപ്പും വഞ്ചനയും ശിക്ഷാര്‍ഹമാക്കുന്ന സെക്ഷന്‍ 420-ാണ് ഗോസ്വാമിയുടെ കാര്യത്തില്‍ ഉചിതമാവുകയെന്നു മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അനോമിത മോജുംദാര്‍ അഭിപ്രായപ്പെടുന്നു. തട്ടിപ്പുകാരന്‍ എന്ന ആരോപണം അത്രയെളുപ്പം തുടച്ചുമാറ്റാന്‍ പറ്റുന്നതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Also read:  ബോളിവുഡ് താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ്

ഇന്റീരിയര്‍ ഡിസൈനര്‍ ആയ അന്‍വെ നായിക്കും, അദ്ദേഹത്തിന്റെ അമ്മ കുമുദ് നായിക്കിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്സിലാണ് ഗോസ്വാമി അറസ്റ്റിലായത്്. മെയ് 2018-ലാണ് നായിക്കും, അമ്മയും ആലിബാഗിലെ അവരുടെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. റിപ്പബ്ലിക് ചാനലിന്റെ മുംബെയിലെ ഓഫീസിന്റെയും, സ്റ്റുഡിയോയുടെയും അകത്തളങ്ങള്‍ ഒരുക്കിയതിന്റെ ജോലി നടത്തിയത് അന്‍വെ നായിക്കിന്റെ സ്ഥാപനമായിരുന്നു. ഗോസ്വായിയുടെയും മറ്റ രണ്ടു പേരുചെയും സ്ഥാപനങ്ങളിലെ ജോലി പൂര്‍ത്തിയാക്കിയതിന്റെ പ്രതിഫലം 4.55 കോടി രൂപ അദ്ദേഹത്തിനു ലഭിക്കേണ്ടിയിരുന്നു. ഗോസ്വാമിയില്‍ നിന്നും മാത്രം കിട്ടേണ്ടിയരുന്നത് 83-ലക്ഷം രൂപയായിരുന്നു. ഈ പണം കിട്ടുന്നതിനു വേണ്ടി അദ്ദേഹം റിപ്പബ്ലിക് ടിവി-യൂടെ മുതലാളിയായ ഗോസ്വാമിയെ പലതവണ കണ്ടെങ്കിലും കാര്യമുണ്ടായില്ല. സ്വന്തം കടം വീട്ടാന്‍ നിവര്‍ത്തിയില്ലാത്ത സ്ഥിതിയിലാണ് നായിക് ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ കുറിപ്പില്‍ തനിക്കു കിട്ടേണ്ട 4.55 കോടി രൂപയും തരാനുള്ളവരുടെ പേരും നായിക് രേഖപ്പെടുത്തിയിരുന്നു. ‘നേഷന്‍ വാന്‍ഡഡ് ടു നോ’ എന്നു ചാനലില്‍ ഇരുന്നു ദിവസവും ആക്രോശിക്കുമ്പോള്‍ അതിനുള്ള സ്ഥലം ഒരുക്കിയ വ്യക്തിക്ക് അയാളുടെ പ്രതിഫലം പോലും നല്‍കാന്‍ തയ്യാറല്ലാത്ത തട്ടിപ്പുകാരന്‍ മാത്രമായിരുന്നു പത്തരമാറ്റ് ദേശസേ്നഹത്തിന്റെ വാണിഭക്കാരനായ ഗോസ്വാമിയെന്ന യാഥാര്‍ത്ഥ്യം നായിക് ആത്മഹത്യ ചെയ്ത 2018-ല്‍ തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ 2019 ഏപ്രിലില്‍ വേണ്ട തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ പൊലീസ് കേസ്സ് അവസാനിപ്പിക്കുകയായിരുന്നു.

Also read:  സെെനികരോട് 89 ചെെനീസ് ആപ്പുകള്‍ ഒഴിവാക്കാൻ നിര്‍ദേശിച്ച് കരസേന

ഗോസ്വാമിയുടെ ഇപ്പോഴത്തെ അറസ്റ്റിനെപ്പോലെ വിമര്‍ശനം അര്‍ഹിക്കുന്നതാണ് തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ 2019-ല്‍ കേസ്സ് അവസാനിപ്പിക്കുവാനുള്ള തീരുമാനം. രാഷ്ട്രീയ പ്രേരിതമായ ഇഷ്ടാനിഷ്ടങ്ങളുടെ ബലാബലത്തില്‍ ക്രിമിനല്‍ കേസ്സ് അന്വേഷണത്തിന്റെ ഗതി നിര്‍ണ്ണയിക്കപ്പെടുന്നതിന്റെ ഉദാഹരണായി അവസാനിക്കേണ്ടതല്ല ഗോസ്വാമിയുടെ പേരിലുള്ള കേസ്സ് എന്നു തിരിച്ചറിയുമ്പോഴാണ് ഇപ്പോഴത്തെ അറസ്റ്റിന്റെ ദൗര്‍ബല്യം തിരിച്ചറിയുക.