തിരുവനന്തപുരം: കമ്പനിയുടെ പരിസരത്ത് താമസിക്കുന്ന 52 നിര്‍ധന കുടുംബങ്ങള്‍ക്ക് കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നും കുടിവെള്ള കണക്ഷന്‍ സൗകര്യം ഒരുക്കി ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ്. ടൈറ്റാനിയത്തിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കിയത്. ടൂറിസം ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എല്ലാ ജീവനക്കാരുടെയും ഒത്തൊരുമയോടുള്ള പ്രവര്‍ത്തനം കൊണ്ട് സ്ഥാപനം ഉയര്‍ച്ചയിലേക്ക് മുന്നേറട്ടെയെന്ന് മന്ത്രി ആശംസിച്ചു.
1960 ഓഗസ്റ്റ് 15 നാണ് കേരളത്തിലെ പ്രധാനപ്പെട്ട രാസ വ്യവസായ പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത കാലംമുതല്‍ പരിസരവാസികളുമായി മാനേജ്‌മെന്റ് ആരോഗ്യകരമായ ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഇതോടൊപ്പം തന്നെ നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളും കമ്പനി നടത്തുന്നുണ്ട്. 60 വര്‍ഷത്തോളം ടൈറ്റാനിയം ഡയോക്‌സൈഡ് മാത്രം നിര്‍മ്മിച്ചിരുന്ന ഫാക്ടറി പുതിയ മാനേജ്‌മെന്റിന്റെ കീഴില്‍ കമ്പനി വിവിധതരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
ട്രാവന്‍കൂര്‍ ടൈറ്റാനിയം ചെയര്‍മാന്‍ അഡ്വക്കേറ്റ് എ. എ റഷീദ്, ടൈറ്റാനിയം മാനേജിംഗ് ഡയറക്ടര്‍ ശ്രീ ജോര്‍ജി നൈനാന്‍, റവ ആന്‍ഡ് ഫാദര്‍ പോള്‍ ജി, റവ ആന്‍ഡ് ഡോക്ടര്‍ ഫാദര്‍ ജോര്‍ജ് ജി.ഗോമസ്, കോസ്റ്റല്‍ അപ്പ ലിഫ്റ്റ് ഭാരവാഹികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

















