ജെസ്‌നയുടെ തിരോധാനത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ഐ.പി.എസ്. ജസ്‌ന ജീവിച്ചിരിക്കുന്നുവെന്ന് സൂചന നല്‍കി. കോവിഡ് ലോക്ക്ഡൗണ്‍ മൂലം അന്വേഷണ സംഘത്തിന് അയല്‍ സംസ്ഥാനത്തേക്ക് കടക്കാനായില്ല. കുടുംബത്തിന് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തച്ചങ്കരി പറഞ്ഞു.
2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എന്നാല്‍,ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ ജെ.തച്ചങ്കരി ഐപിഎസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ – മൊബൈല്‍ നമ്പരുകൾ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജസ്നയല്ലെന്നു പിന്നീട് വ്യക്തമായി.
ബെംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.