മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി കടുത്ത ചാഞ്ചാട്ടത്തിലൂടെ കടന്നുപോയി. വ്യാപാരത്തിനൊടുവില്‍ ചെറി യ നേട്ടമുണ്ടാക്കാന്‍ ഓഹരി സൂചികകള്‍ക്ക് സാധിച്ചു.
സെന്‍സെക്‌സ് 94 പോയിന്റും നിഫ്‌റ്റി 25 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. ചാഞ്ചാട്ടത്തിനൊടുവില്‍ 38,000 പോയിന്റിന് മുകളിലായി വ്യാപാരം അവസാനിപ്പിക്കാന്‍ സെന്‍സെക്‌സിന് സാധിച്ചു. 38,068 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്. വ്യാപാരത്തിനിടെ 38,236 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ 37,828.11 പോയിന്റ് വരെ താഴ്‌ന്ന വിപണി പിന്നീട് തിരിച്ചുവരവ് നടത്തുകയായിരുന്നു.
നിഫ്‌റ്റി 11,200നും 11,300നും ഇടയിലുള്ള റേഞ്ചില്‍ വ്യാപാരം ചെയ്യുന്നതാണ് കണ്ടത്. 11,185 പോയിന്റ് വരെ ഇടിഞ്ഞ 11,295 പോയിന്റ് വരെ ഉയര്‍ന്നു. അതിനു ശേഷം 11,247ല്‍ ക്ലോസ് ചെയ്‌തു.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്‌ടത്തിലായിരുന്നു. 29 ഓഹരികള്‍ നഷ്‌ടം രേഖപ്പെടുത്തിയപ്പോള്‍ 21 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലായത്. ഗ്രാസിം ഇന്റസ്‌ട്രീസ്, ടെക് മഹീന്ദ്ര, ടൈറ്റാന്‍ ഇന്റസ്‌ട്രീസ്, നെസ്‌ളേ ഇന്ത്യ, ഡോ.റെഡ്‌ഢീസ് ലാബ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഗ്രാസിം ഇന്റസ്‌ട്രീസ്, ടെക് മഹീന്ദ്ര, ടൈറ്റാന്‍ ഇന്റസ്‌ട്രീസ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ബിപിസിഎല്‍ 9 ശതമാനം ഇടിവ് നേരിട്ടു. ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ എന്നീ ഓഹരികള്‍ മൂന്ന് ശതമാനത്തിന് മുകളില്‍ നഷ്‌ടം രേഖപ്പെടുത്തി.
എഫ്‌എംസിജി ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മെറ്റല്‍ ഓഹരികള്‍ ഇടിവ് നേരിട്ടു. നിഫ്‌റ്റി എഫ്‌എംസിജി സൂചിക 1.34 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേ സമയം നിഫ്‌റ്റി മെറ്റല്‍ സൂചിക 2.14 ശതമാനം ഇടിവാണ് നേരിട്ടത്.