Web Desk
തൂത്തുകുടി: തൂത്തുകുടിയില്‍ അച്ഛനെയും മകനെയും കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എസ്ഐ ബാലകൃഷ്ണൻ, മുത്തുരാജ്, മുരുകൻ, ഒളിവിലായിരുന്ന ഇൻസ്പെക്ടർ ശ്രീധർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തതവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. കേസില്‍ സ്റ്റേഷനിലെ പൊലിസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. . മര്‍ദന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിളിന്‍റെ മൊഴി പ്രകാരമാണ് പൊലിസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയത്. പോലീസുകാരുടെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് സിഐഡി അന്വോഷണം ആരംഭിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി ഏറ്റെടുത്തത്.
ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു സാത്താൻകുളം സ്വദേശികളായ അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പോലീസിനെതിരെ കടുത്ത ആരോപണവുമായി മര്‍ദന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ രേവതി ജൂഡീഷ്യല്‍ കമ്മീഷനു മുമ്പാകെ ഹാജരായി. വനിതാ കോൺസ്റ്റബിളിന്‍റെയും കൊല്ലപ്പെട്ട വ്യാപാരികളുടെ കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി.
ലോക്ക്ഡൗണ്‍ ലംഘിച്ച് കടതുറന്നതിന് കസ്റ്റഡിയിലെടുത്ത ജയരാജനും മകന്‍ ബെനിക്‌സും പോലിസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുകയാണുണ്ടായത്. ഇരുവരെയും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റുവെന്നുമാണ് പോലീസിന്‍റെ വാദം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നവയായിരുന്നു പുറത്തുവന്ന സിസിടിവി ദ്യശ്യങ്ങള്‍. എന്നാല്‍ ബെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രിയില്‍ ഒമ്പതു മണിക്ക് ജനക്കൂട്ടമായിരുന്നുവെന്നും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും ഇത് ചോദ്യം ചെയ്ത പോലീസിനെ ബെനിക്‌സ് ആക്രമിച്ചുവെന്നുമായിരുന്നു പോലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്. കസ്റ്റഡി മരണത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാവുകയാണ്.