സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യത്തെ കണക്കിലെടുത്ത് മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രി പത്ത് മണിയ്ക്ക് ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയ്ക്ക് അവസാനിക്കും. അവശ്യ സര്‍വ്വീസുകളെ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മെയില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് യുപിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇത് സംസ്ഥാനത്തെ അടച്ചിടുന്നതല്ലെന്നും കോവിഡ് പടരുന്നത് തടയുന്നതിനായി ചില പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, മാളുകള്‍, അവശ്യ വസ്തുക്കളുടേതല്ലാത്ത കടകള്‍, റെസ്റ്റോറന്‍റുകള്‍ എന്നിവയെല്ലാം അടച്ചിടും. മെഡിക്കല്‍, എമര്‍ജന്‍സി സേവനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ട്രയിന്‍ സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ സര്‍ക്കാര്‍ പദ്ധതികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് ടെസ്റ്റുകള്‍ നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശിനെ പ്രശംസിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.



















