ഇംഫാല്‍: മണിപ്പൂരില്‍ ഭീകരരുമായിട്ടുളള ഏറ്റുമുട്ടലില്‍ മൂന്ന് അസം റൈഫില്‍ ജവാന്മാര്‍ക്ക് വീരമൃത്യു. മണിപ്പൂരിലെ ഇന്ത്യാ- മ്യാന്‍മാര്‍ അതിര്‍ത്തിയിലെ ചന്ദേല്‍ ജില്ലയിലാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ നാല് സൈനികരുടെയും നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഹവില്‍ദാര്‍ പ്രണയ് കാലിത, റൈഫിള്‍മാന്‍മാരായ വൈ എം കോന്‍യക്, റതന്‍ സലീം എന്നിവരാണ് വീരമൃത്യു വരിച്ചത്.
ബുധനാഴ്ച വൈകുന്നേരം പട്രോളിങ്ങ് നടത്തിയ അസം റൈഫിളിലെ 15 അംഗ സംഘത്തിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങളാണെന്നാണ് സംശയം. സൈനികര്‍ക്കു നേരെ സ്‌ഫോടക വസ്തു പ്രയോഗിച്ചുകൊണ്ടുളള ആക്രമണമാണ് ആദ്യം നടത്തിയത്. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 100 മീറ്റര്‍ അകലെയായിരുന്നു സംഭവം.