തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ അടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ് ചെയര്‍മാന്‍. യുഡിഎഫ് സ്വതന്ത്രന്‍ ജെസി ജോണിയും എല്‍ഡിഎഫിനെ പിന്തുണച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമാവുകയായിരുന്നു.
35 അംഗ നഗരസഭയില്‍ 13 സീറ്റ് യുഡിഎഫിനും 12 എണ്ണം എല്‍ഡിഎഫിനും 8 സീറ്റ് ബിജെപിക്കുമാണ് ലഭിച്ചത്. രണ്ട് വിമതരും. ഇതില്‍ നിസ സക്കീര്‍ എന്ന വിമത സ്ഥാനാര്‍ത്ഥിയുടെ പിന്തുണ കിട്ടിയതോടെ 14 സീറ്റുമായി അധികാരം പിടിക്കാമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചകളാണ് യുഡിഎഫിന്റെ പ്രതീക്ഷകളെ തകിടം മറിച്ചത്.
പിന്തുണ പ്രഖ്യാപിക്കാതിരുന്ന സനീഷ് ജോര്‍ജ്ജിനെ അപ്രതീക്ഷിത നീക്കത്തിലൂടെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിനെയും എല്‍ഡിഎഫ് മറുകണ്ടം ചാടിച്ചു. ഈ പുതിയ സാഹചര്യത്തില്‍ യുഡിഎഫിന് 12 പേരുടെ പിന്തുണയും എല്‍ഡിഎഫിന് 14 പേരുടെ പിന്തുണയുമാണ് ഉള്ളത്.