തിരൂര്‍: കൂട്ടായിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കൂട്ടായി സ്വദേശി യാസര്‍ അറഫാത്താണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് യാസര്‍ അറഫാത്ത് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഷമീം, സജീഫ് എന്നിവരുടെ നില ഗുരുതരമാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
യാസര്‍ അറഫാത്തും സുഹൃത്തുക്കളും വീടിനു സമീപത്തെ എല്‍.പി സ്കൂള്‍ മൈതാനത്ത് രാത്രി വൈകിയും കൂട്ടം കൂടിയിരിക്കുന്നത് പതിവാണ്. തൊട്ടടുത്ത വീട്ടിലെ ഏനിന്‍റെ പുരക്കല്‍ അബൂബക്കര്‍ എന്നയാളും മക്കളും ഇതിനെതിരെ നിരവധി തവണ ഇവര്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും ഇതു സംബന്ധിച്ച് യാസര്‍ അറഫാത്തും സുഹൃത്തുക്കളുമായി അബൂബക്കറിന്‍റെ മക്കള്‍ വാക്കുതര്‍ക്കമുണ്ടായി.
ആ സമയം അവിടെ നിന്ന് മടങ്ങിപ്പോയ യാസര്‍ അറഫാത്തും സുഹൃത്തുക്കളും പിന്നീട് സംഘടിച്ചെത്തി വെല്ലുവിളി നടത്തി. ഇതോടെ ഇരു വിഭാഗങ്ങളും നേര്‍ക്കുനേര്‍ ആയുധങ്ങളുമായി ഏറ്റുമുട്ടി. യാസര്‍ അറഫാത്തിനും, മറു ചേരിയിലെ അബൂക്കറിന്‍റെ മക്കളായ ഷമീം, സഹോദരന്‍ സജീഫ് എന്നിവര്‍ക്കും മാരകമായി വെട്ടേറ്റു. യാസര്‍ അറഫാത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷമീം, സജീഫ് എന്നിവര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലപ്പെട്ട യാസര്‍ അറഫാത്തിന്റെ സുഹൃത്തും വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ പരിക്ക് ഗുരുതരമല്ല. യാസര്‍ അറഫാത്തിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.












