യുഎഇയില്‍ സ്വകാര്യമേഖലയിലെ വേതന വിഭാഗത്തില്‍ വനിതാ-പുരുഷ ഏകീകരണം നിയമം വെളളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും. ദേശീയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ യുഎഇയിലെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ തുല്യ ശമ്പളം സ്ത്രീകള്‍ക്കും ലഭിക്കുമെന്ന പുതിയ നിയമം ആളുകളില്‍ ആഹ്‌ളാദം പരത്തി.
പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഫെഡറല്‍ നിയമം നമ്പര്‍. 06 / 2020 അനുസരിച്ചുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. ഒരേ ജോലി ചെയ്യുന്ന വനിതകള്‍ക്ക് പുരുഷന്മാരെപ്പോലെ ശമ്പളം അല്ലെങ്കില്‍ മറ്റു ആനുകൂല്യം ലഭിക്കാന്‍ അവകാശമുണ്ട്. മനുഷ്യവിഭവ മന്ത്രാലയമാണ് ഈ നിയമം നടപ്പിലാക്കുന്നതിന് വേണ്ടി നിര്‍ദേശം മുന്നോട്ടുവച്ചത്.
ലിംഗ സമത്വത്തില്‍ രാജ്യത്തിന്റെ ഖ്യാതി രാജ്യാന്തര തലത്തില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും വിലയിരുത്തി. ഈ വിഷയത്തില്‍ യുഎഇ ഗള്‍ഫിലെ തന്നെ രാജ്യങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാണെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് 2020ല്‍ പറഞ്ഞു.

















