ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രാദേശിക വ്യാപനം സമൂഹ വ്യാപനമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചതിന് മതിയായ തെളിവില്ലെന്ന് കഴിഞ്ഞ ദിവസം എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞിരുന്നു. ചില ഹോട്ട് സ്‌പോട്ടുകളുണ്ട്. നഗരങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ടെന്നും അത് പ്രാദേശിക സമൂഹ വ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 37,724 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 11,92,915 ആയി. 648 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം 28,732 ആയി ഉയര്‍ന്നു. നിലവില്‍ 4,11,133 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 7,53,050 പേര്‍ ഇതുവരെ രോഗമുക്തി നേടി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മഹാരാഷ്ട്രയിലാണ്. 3,27,031 പേര്‍ക്കാണ് രോഗബാധ. ഇതുവരെ 12,276 പേര്‍ മരിച്ചു. തമിഴ്നാട്ടിലെയും സ്ഥിതി ഗുരുതരമാണ്. 1,80,643 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. 2,626 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു.