Web Desk
രാജ്യത്ത് കോവിഡ് കൂടുതൽ ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 11,502 കേസുകളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. ഇതോടെ 1,53,106 ആക്ടീവ് കേസുകളടക്കം 3,32,424 പേർ രോഗബാധിതരായി. 325 പേരാണ് ഇന്നലെ മരിച്ചത്. ഇതുവരെ 1,69,798 പേർ രോഗവിമുക്തരാകുകയും 9,520 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
ലോകവ്യാപകമായി 7.91 മില്യൻ പേരാണ് കോവിഡ് ബാധിതരായുള്ളത്. 4,32,038 പേർ മരിച്ചു. കൊറോണ വൈറസിന്‍റെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതോടെ ചൈനയിലെ 10 പ്രദേശങ്ങൾക്കു കൂടി സമ്പൂര്‍ണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു.
അതേസമയം, മുംബൈയിൽ ലോക്കൽ ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിച്ചു. സംസ്ഥാന സർക്കാരിന്‍റെ നിർദേശങ്ങൾക്ക് അനുസരണമായിട്ടായിരിക്കും ട്രെയിൻ സർവീസെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കൊറോണ വൈറസ് പടർന്നു പിടിച്ചതിനെ തുടർന്ന് മുംബൈയിൽ സബർബൻ ട്രെയിൻ സർവീസ് നിർത്തലാക്കിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനാണ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നത്. സാധാരണ യാത്രക്കാരെ അനുവദിക്കില്ലെന്നും സ്റ്റേഷനുകളിൽ ആൾക്കൂട്ടം അനുവദിക്കില്ലെന്നും വെസ്റ്റേൺ റെയിൽവേ അറിയിച്ചു.