തേങ്കുറിശ്ശി ദുരഭിമാന കൊലപാതകത്തില്‍ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. സുരേഷ് കൊലയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കമ്പിയും പ്രഭുകുമാറിന്റെ വസ്ത്രങ്ങളും കണ്ടെടുത്തു. സുരേഷിന്റെ വീട്ടില്‍ നിന്ന് കത്തി കണ്ടെടുത്തതായി ആലത്തൂര്‍ ഡിവൈഎസ്പി കെ.എം ദേവസ്യ പറഞ്ഞു.
വിവാഹത്തെ തുടര്‍ന്നുണ്ടായ കലഹമാണ് അനീഷിന്റെ കൊലപാതകത്തിന് കാരണമായതെന്ന് പ്രതികള്‍. കേസുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഹരിതയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് അനീഷ് ഇവരെ രജിസ്റ്റര്‍ വിവാഹം ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതികളുടെ മൊഴിയില്‍ പറയുന്നത്.
പിള്ള സമുദായത്തില്‍പ്പെട്ടയാളാണ് ഹരിത. കൊല്ലന്‍ സമുദായംഗമാണ് അനീഷ്. ജാതീയവും സാമ്പത്തികവുമായ വലിയ അന്തരം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ അസ്വസ്ഥമാക്കുകയും തുടര്‍ന്നുണ്ടായ വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികളെല്ലാം ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഹരിതയുടെ അമ്മാവന്‍ സുരേഷിനെ വെള്ളിയാഴ്ച രാത്രിയോടെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും മറ്റ് പ്രതികളേയും പിടികൂടുകയുമായിരുന്നു.












