Web Desk
അഭിമന്യു കൊലപാതകത്തിലെ മുഖ്യപ്രതി കീഴടങ്ങി. അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ പനങ്ങാട് സ്വദേശി സഹലാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത് സഹലായിരുന്നു. രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു.അഭിമന്യുവിനെ കുത്തിയ സഹല്‍ കേസിലെ പത്താം പ്രതിയാണ്.
മഹാരാജാസ് കോളെജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിന് രാത്രിയാണ് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിക്കുന്നത്. ക്യാംപസിലെ ചുവരെഴുത്തിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ 16 പ്രതികളില്‍ 15 പേരാണ് ഇപ്പോള്‍ പിടിയിലായത്. ഇനി പന്ത്രണ്ടാം പ്രതിയായ ഷഹീം കൂടിയാണ് പിടിയിലാകാനുളളത്.
കൊവിഡ് ലോക്ക് ഡൗണില്‍ കേരളത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് കേസുകളിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങാന്‍ നിയമോപദേശം തേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭിമന്യുവിനെ കുത്തിയ പ്രതിയും തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതിയും കീഴടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അഭിമന്യുവിന്‍റെ സുഹൃത്തും അര്‍ജുനെ കുത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) കഴിഞ്ഞ നവംബറില്‍ കീഴടങ്ങിയിരുന്നു. കേസില്‍ ഒമ്പതു പ്രതികള്‍ക്കെതിരെ വിചാരണ ആരംഭിച്ചിരുന്നു. അരൂക്കുറ്റി വടുതല നദ്വത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ ജെ. ഐ.മുഹമ്മദ് (20), എരുമത്തല ചാമക്കാലായില്‍ ആരിഫ് ബിന്‍ സലീം (25), പള്ളുരുത്തി പുതിയാണ്ടില്‍ റിയാസ് ഹുസൈന്‍ (37), കോട്ടയം കങ്ങഴ ചിറക്കല്‍ ബിലാല്‍ സജി (18),പത്തനംതിട്ട കോട്ടങ്കല്‍ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി എം റജീബ്(25), നെട്ടൂര്‍ പെരിങ്ങോട്ട് പറമ്പ് അബ്ദുല്‍ നാസര്‍ (നാച്ചു 24), ആരിഫിന്റെ സഹോദരന്‍ എരുമത്തല ചാമക്കാലായില്‍ ആദില്‍ ബിന്‍ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് പി.എച്ച് സനീഷ് (32) എന്നിവര്‍ക്കെതിരെയാണു പ്രാരംഭ വിചാരണ തുടങ്ങിയത്.
ലോക്ക് ഡൗണിലും കൊവിഡ് കാലത്തും കീഴടങ്ങി കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുളള നീക്കമാണ് പ്രതികളുടേത്. കൊവിഡ് റെഡ് സോണിലാണ് ഇവര്‍ കഴിഞ്ഞിരുന്നതെങ്കില്‍ 14 ദിവസം ഇവരെ ജയിലിലെ ക്വാറന്‍റൈന്‍ സെല്ലിലാണ് പാര്‍പ്പിക്കേണ്ടത്.