കോവിഡ് വ്യാപനം അവസാനിക്കാത്തതിനാല്‍ വിസ കാലാവധി നീട്ടി നല്‍കി യു.കെ സര്‍ക്കാര്‍. കാലാവധി തീര്‍ന്നതും തീരുന്നതുമായ വീസ കളുടെ കാലാവധിയാണ് സര്‍ക്കാര്‍ ഓഗസ്റ്റ് 31 വരെ നീട്ടിനല്‍കിയത്. കോവിഡിനെ തുടര്‍ന്ന് ആദ്യം മേയ് 31 വരെയും പിന്നീട് ജൂലൈ 31 വരെയും വീസ കാലാവധി നീട്ടിനല്‍കിയിരുന്നു. എന്നാല്‍ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ വീണ്ടും കാലാവധി നീട്ടുകയായിരുന്നു.
ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസകരമാണ് ഈ തീരുമാനം. കൊറോണ നിയന്ത്രണങ്ങള്‍ തുടരുന്നതു മൂലം നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ജനുവരി 24ന് ശേഷം വീസ കാലാവധി തീര്‍ന്നവരെയാണ് പരിഗണിക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ വന്ന വിലക്കും വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചതുമാണ് വിദേശികളെ ആശങ്കയിലാഴ്ത്തിയത്. ജനുവരി 24 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ 40,000 ത്തില്‍ അധികം പേരുടെ വീസയാണ് കാലാവധി തീര്‍ന്നത്. വീസ കാലാവധി തീര്‍ന്നിട്ടും യുകെയില്‍ തുടരുന്നതുമൂലം ഭാവിയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഹോം ഗൈഡന്‍സ് നോട്ട്സ് അറിയിച്ചു.