ശരത്ത് പെരുമ്പളം
സിനിമാകഥയെ വെല്ലുന്ന രീതിയിലാണ് പാലാരിവട്ടം പാലം പണിയലും പിന്നീട് നടന്ന സംഭവ വികാസങ്ങളും അരങ്ങേറിയത്. കേരളത്തിന് ഇത്രയേറെ നാണക്കേട് നേടിത്തന്ന ഒരു പദ്ധതി വേരെ ഇല്ല എന്ന് തന്നെ പറയാം. ഇന്ന് പാലം പൊളിച്ച് പണിയാന്‍ സുപ്രീം കോടതി വിധി കൂടി വന്നതോടെ ദുര്‍ഗന്ധം വമിക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്തത്തിന്റെ കെടുകാര്യസ്ഥതയാണ് മറ നീക്കി പുറത്ത് വരുന്നത്.
പാലത്തിന്റെ കഥ
കൊച്ചിയിൽ പാലാരിവട്ടത്ത്, ഒറ്റത്തൂണിൽ തീർത്ത നാലുവരി ഫ്ലൈ ഓവർ ആണ് കുപ്രസിദ്ധി ആര്‍ജിച്ച പാലാരിവട്ടം പാലം. 442 മീറ്റർ പാലവും ഇരുഭാഗത്തുമുള്ള അനുബന്ധറോഡുകളുംകൂടി മേൽപ്പാലത്തിന്റെ ആകെ നീളം 750 മീറ്റർ ആണ്. ഇതിനു 35 മീറ്റർ നീളമുള്ള രണ്ടും 22 മീറ്റർ നീളമുള്ള 17ഉം സ്പാനുകൾ ഉണ്ട്. ഒരു മീറ്റർ വ്യാസമുള്ള 86 പൈലുകൾ തീർത്ത അസ്ഥിവാരത്തിലാണ് പാലം നിൽക്കുന്നത്. 122 ഗർഡറുകളാണ് പാലത്തിൽ സ്ഥാപിച്ചിരിക്കുന്നത്. 39 കോടിരൂപ ചെലവിട്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
സംസ്ഥാനസർക്കാറിനു കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിനു ഇന്ധനസെസ് വിഹിതമായി ലഭിക്കുന്ന തുക ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. ദേശീയപാത 66, തിരക്കേറിയ എറണാകുളം – മൂവാറ്റുപുഴ സംസ്ഥാനപാത എന്നിവ സന്ധിക്കുന്ന പാലാരിവട്ടം ജംഗ്ഷനിലാണ് പാലം നിലനില്‍ക്കുന്നത്.
പദ്ധതി ആവിഷ്ക്കരിക്കുന്നത് 2013-ല്‍
- ഉമ്മൻചാണ്ടി സർക്കാരിന്റെ സ്‌പീഡ് പദ്ധതിയിൽപ്പെടുത്തി 2013 ലാണ് പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന് പദ്ധതി തയ്യാറാക്കുന്നത്.
- അനധികൃത സ്വത്തു സമ്പാദന കേസിൽ സർവ്വീസിൽ നിന്ന് സസ്‌പെൻഷനിലായിരുന്ന ടി ഒ സൂരജ് ഇതോടൊപ്പം പൊതുമരാമത്ത് സെക്രട്ടറിയായി സർവ്വീസിൽ തിരിച്ചെത്തുന്നു.
- ദേശീയപാത അതോറിറ്റി നിർമിക്കേണ്ട പാലം പൊതുമരാമത്ത് വകുപ്പ് സ്വമേധയാ ഏറ്റെടുക്കുന്നു.
- മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ചെയർമാനായ കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷ(ആർബിഡിസികെ)ന് മേൽനോട്ട ചുമതല നൽകി.
- സാങ്കേതിക പരിജ്ഞാനം കുറഞ്ഞ കിറ്റ്‌കോ കൺസൾട്ടൻസിയായി.
- പാലം നിർമാണം കരാർ നൽകാനുള്ള രേഖകളിൽ തിരുത്തലും കൃത്രിമവും കാണിച്ച് ആർഡിഎസ് പ്രോജക്‌ട്‌സ് എന്ന കമ്പനിക്ക് കരാർ ഉറപ്പിച്ചുകൊടുത്തു.
- മറ്റു കരാറുകാരെ ഒഴിവാക്കാൻ പൊതുമരാമത്ത് സെക്രട്ടറിയുടെ ഇടപെടലും ഉണ്ടായതായി വിജിലൻസ്.
- ആകെ 47.70 കോടി രൂപ വകയിരുത്തിയ നിർമാണം ആറ് കോടിയോളം കുറവിലാണ് ആർഡിഎസ് കരാറെടുത്തത്.
- നിർമാണത്തിന് മുൻകൂർ പണം(മൊബിലിറ്റി അഡ്വാൻസ്) നൽകില്ലെന്ന് മറ്റു കരാറുകാരോട് പറഞ്ഞെങ്കിലും എട്ടേകാൽ കോടി രൂപ മന്ത്രിയുടെ ഇടപെടലിൽ അതിവേഗം അനധികൃതമായി കരാറുകാരന് കൈമാറി.
- ഇതിന് മന്ത്രിയുടെ ഉത്തരവുണ്ടായിരുന്ന കാര്യം ടി ഒ സൂരജ് വെളിപ്പെടുത്തിയത് ക്രമക്കേടിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനുള്ള തെളിവായി.
- അതുവരെ പാലാരിവട്ടം ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ ചുമത്തിയ വി കെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ആർഡിഎസ് അത് മറികടക്കാൻ കൂടിയാണ് ഏറ്റവും കുറഞ്ഞ നിരക്കിലും പാലം നിർമാണമേറ്റെടുത്തത്. യുഡിഎഫ് സർക്കാർ നൽകിയ സഹായത്തിനുള്ള പ്രതിഫലവും കരാർ തുകയിൽ നിന്ന് വീതിച്ചു. ബാക്കിയുള്ള തുകകൊണ്ട് പാലം പണിത കരാറുകാരൻ നിർമാണത്തിൽ ക്രമക്കേടുകൾ കാണിക്കുക സ്വാഭാവികം. കൊള്ളപ്പണം കൈപ്പറ്റിയവർ അതിനു നേരെ കണ്ണടയ്‌ക്കുകയും ചെയ്‌തു. പാലം നിർമാണത്തിന് ഉപയോഗിച്ച കോൺക്രീറ്റു കൂട്ട് നിർദ്ദിഷ്‌ട നിലവാരത്തിലും താഴെയായി. കമ്പി നിലവാരം കുറഞ്ഞതായിരുന്നു. അതും ആവശ്യത്തിന് ഉപയോഗിച്ചില്ല.
പാലം നിര്‍മ്മാണം 2014 സെപ്തംബറില്‍ തുടങ്ങി
2014 സെപ്തംബറിലാണ് നിർമ്മാണപ്രവർത്തങ്ങൾ ആരംഭിച്ചു. ആർ ഡി എസ് പ്രൊജക്ട് എന്ന സ്ഥാപനമാണ് പാലം നിർമ്മിച്ചത്.
ഉദ്ഘാടനം 2016 ഒക്ടോബർ 12 ന്
2016 ഒക്ടോബർ 12 ബുധനാഴ്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പാലം നാടിനു സമർപ്പിച്ചു. പാലം നിർമ്മിച്ച് 2 വർഷം ആയപ്പോൾ പാലത്തിൽ ആറിടത്ത് വിള്ളൽ കണ്ടെത്തിയിരുന്നു.
2019 മേയ് 1-ന് രാത്രി മുതൽ പാലം അടച്ചു
തുടർന്ന് 2019 മേയ് 1-ന് രാത്രി മുതൽ പാലം ഒരു മാസത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചുപൂട്ടി. മേൽപ്പാലനിർമ്മാണത്തിൽ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വർഷം കൊണ്ട് പാലത്തിന്റെ ബലക്ഷക്ഷയത്തിനു കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. പാലം തുറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിലെ റോഡിലെ ടാറിളകിയിരുന്നു. എക്സ്പാൻഷൻ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചത്. പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസ് പഠനം നടത്തിയിരുന്നു.
ഗുണമേന്മ പരിശോധനകളൊന്നും നടത്താതെ, ചുമതലയുള്ളവരുടെ മേൽനോട്ടമില്ലാത തൊർഡിഎസ് തോന്നിയപടി നിർമാണം പൂർത്തിയാക്കി. ഇതോടെ ഗതാഗതത്തിന് തുറന്ന പാലം ഒന്നാംദിവസം മുതൽ തന്നെ ബലക്ഷയം കാണിച്ചുതുടങ്ങി. വാഹനങ്ങൾ കയറുമ്പോൾ വലിയ ശബ്‌ദത്തോടെ പലാം ഇളകി. സ്‌പാനുകൾക്കിടയിലെ ജൊയിന്റ് തകർന്നു. പാലത്തെയും തൂണിന്റെ മുകൾഭാഗത്തെയും ബന്ധിപ്പിക്കുന്ന ബെയറിങുകൾ നിലവാരക്കുറവ് മൂലം തകർന്നു. കോൺക്രീറ്റ് നിർമാണങ്ങളിൽ പരക്കെ പൊട്ടലും വിള്ളലും രൂപപ്പെട്ടു.
പാലം യാത്രായോഗ്യമല്ലെന്ന് വിലയിരുത്തലുണ്ടായതോടെ മദ്രാസ് ഐഐടിയെ പരിശോധനക്ക് നിയോഗിച്ചു. രണ്ടര വർഷത്തിനകം പൊളിഞ്ഞ പാലം കഴിഞ്ഞ ജൂൺ ഒന്നിന് അടച്ചു.
ആദ്യം മദ്രാസ് ഐഐടിയും പിന്നീട് മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്‌ദ സംഘവും നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത് കേരളത്തെ മാത്രമല്ല രാജ്യത്തെയാകെ ഞെട്ടിച്ച കണ്ടെത്തലുകൾ. ഐഐടിയിലെ വിദഗ്‌ധ സംഘത്തിന്റെ പരിശേളാധനയിൽ തന്നെ പാലത്തിന്റെ ബലക്ഷയം ബോധ്യപ്പെട്ടെങ്കിലും ഇ ശ്രീധരന്റെ അഭിപ്രായം കൂടി തേടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
പാലാരിവട്ടം പാലത്തിന്റെ പാളിപ്പോയ ചില കണക്കുകള്‍
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. പാലം പുനരുദ്ധരിക്കുകയാണെങ്കില്‍ അത് എത്രകാലം നിലനില്‍ക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല പാലാരിവട്ടം പാലത്തില്‍ വിശദമായ പരിശോധന നടത്തിയ ഇ ശ്രീധരന്‍ പറയുന്നത് സാങ്കേതികപരമായും സാമ്പത്തിക പരമായും പുനര്‍നിര്‍മാണമാണ് നല്ലതെന്നാണ്. ഈ കണ്ടെത്തലുകള്‍ മുന്‍നിര്‍ത്തിയാണ് പാലം പൂര്‍ണമായും പുനര്‍നിര്‍മിക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഇതാ പഴയ മേല്‍പ്പാലം പൊളിഞ്ഞു പോയതിനു പിന്നിലെ ചില കണക്കുകള്‍ കാണാം.
- നിര്‍മിച്ചത് – 2.5 വര്‍ഷം കൊണ്ട്
- ആകെ നീളം- 750 മീറ്റര്‍
- എസ്റ്റിമേറ്റ്- 42 കോടി
- കരാര്‍ തുക- 39 കോടി
- പാലത്തിന് ആകെ 102 ആര്‍സിസി ഗര്‍ഡറുകളാണ് ഉള്ളത്. അതില്‍ 97എണ്ണത്തിലും വിള്ളല്‍ വീണിരുന്നു.
- പാലം നിര്‍മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.
100 വര്‍ഷമെങ്കിലും ആയുസ്സുവേണ്ട പാലത്തിന്റെ ആയുസ്സ് 20 വര്‍ഷം പോലുമില്ലെന്നാണ് കണ്ടെത്തിയത്. - പാലത്തിന് 18 പിയര്‍ ക്യാപ്പുകളാണ് ഉള്ളത്. ഇതില്‍ 16 എണ്ണത്തിലും വിള്ളല്‍ കണ്ടെത്തിയിരുന്നു. ഇതില്‍ മൂന്നെണ്ണം താര്‍ത്തു അപകടാവസ്ഥയില്‍ ആയിരുന്നു.
- 2019 മെയ് ഒന്നിനാണ് അറ്റകുറ്റപ്പണികള്‍ക്കായി പാലം അടച്ചത്.
- വിള്ളലുകള്‍ 0.2 മില്ലിമീറ്ററില്‍ കൂടാന്‍ പാടില്ല, പാലാരിവട്ടം പാലത്തിറ്റേത് 0.3 മില്ലിമീറ്റര്‍ ഒക്കെയാണ് ചില വിള്ളലുകള്‍ കണ്ടെത്തിയത്.
- ഭാരം കയറുമ്പോള്‍ ഗര്‍ഡറുകളില്‍ ഉണ്ടാകുന്ന ഡിഫ്‌ളക്ഷന്‍ 25 മില്ലിമീറ്റര്‍ ആണെന്നിരിക്കെ പാലത്തിന്റേത് 40 മില്ലിമീറ്റര്‍ ആയിരുന്നു.
- മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരം ഇ ശ്രീധരനും മഹേഷ് ഠണ്ടനെ പൊലുള്ള വിദഗ്‌ധരുമുൾപ്പെട്ട സംഘം രണ്ട്‌വട്ടം പാലം പരിശോധിച്ചു.
- പാലം പൊളിച്ചു പണിയണമെന്ന് വിധിയെഴുതി.
- പാലത്തിന്റെ ഡിസൈനിൽ മുതൽ കുഴപ്പങ്ങളുള്ളതായി ശ്രീധരൻ വെളിപ്പെടുത്തി.
- 18.71 കോടി രൂപ ചെലവിൽ പാലം പുനർനിർമിക്കണമെന്നും അറ്റകുറ്റപ്പണിയിലൂടെ പാലം സുരക്ഷിതമാകില്ലെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു. രാജ്യത്ത് ഇത്തരമൊരു നിർമാണം ആദ്യമാണെന്ന് ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പാലം വിഴുങ്ങിയവര്‍
പാലം പുനര്‍നിർമിക്കാനുള്ള നടപടികൾക്കൊപ്പം നിർമാണത്തിലെ അഴിമതി കണ്ടെത്താൻ സർക്കാർ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. അതിന് പിന്നാലെ ഉമ്മൻചാണ്ടി ഉൾപ്പെടെ യുഡിഎഫ് നേതൃനിരയാകെ പങ്കെടുത്ത യൂഡിഎഫ് സമരം കളമശേരിയിൽ അരങ്ങേറി.
വിജിലൻസ് അന്വേഷണത്തെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം ഫലംകണ്ടില്ലെന്ന് തുടർന്നുണ്ടായ സംഭവങ്ങളിലൂടെ കേരള സമൂഹത്തിന് ബോധ്യപ്പെട്ടു. നിർമാണ മേൽനോട്ടം വഹിച്ച ആർബിഡിസികെ, കൺസൾട്ടൻസിയായ കിറ്റ്‌കോ, ഫണ്ടിങ് ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് എന്നിവയുടെ ഓഫീസുകൾ പരിശോധിച്ച് വിജിലൻസ് 147 സുപ്രധാന രേഖകൾ പിടിച്ചെടുത്തു.
ഉദ്യോഗസ്ഥർ ഉൾശപ്പടെ നൂറ്റമ്പതോളം പേരെ ചൊദ്യംചെയ്‌തു. 17 പേരെ പ്രതിസ്ഥാനത്തു സംശയിക്കുന്ന പട്ടിക തയ്യാറാക്കി. പാലാരിവട്ടം പാലം നിർമാണത്തിന് പിന്നിൽ നടന്ന അഴിമതിയിൽ രാഷ്‌ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന വിവരം വിജിലൻസ് കോടതിയെ അറിയിച്ചു. വിജിലൻസ് സമർപ്പിച്ച അന്വേഷണ വിവരങ്ജളോട് കോടതികൾ ഞെട്ടലോടെയാണ് പ്രതികരിച്ചത്. അറസ്‌റ്റിലായ പ്രതികൾക്ക് കോടതി തുടർച്ചയായി ജാമ്യം നിഷേധിച്ചു. അവർ പുറത്തിറങ്ങിയാൽ കേസിനെ വഴിതിരിച്ചുവിടാൻ ഇടപെടുമെന്ന വിജിലൻസ് വാദം അംഗീകരിച്ചാണ് ഓരോ തവണയും ജാമ്യം നിഷേധിച്ചത്.
നാണക്കേടിന്റെ പാലം
പാലാരിവട്ടം പാലം അഴിമതി കൊച്ചി നഗരത്തിന് സമ്മാനിച്ചത് തീരാദുരിതം മാത്രമല്ല ലോകത്തിന് മുന്നിൽ തലകുനിച്ചുപോകുന്ന നാണക്കേട് കൂടിയാണ്. മഹാനഗരവും മെട്രോ നഗരവുമായി വളർന്ന കൊച്ചിക്ക് ലോകമറിയുന്ന തിരിച്ചറിയൽ അടയാളം നാണക്കേടിന്റെ ഈ പഞ്ചവടിപ്പാലമാണ്.
നഗരവാസികൾ പാലാരിവട്ടം പാലത്തിന് അപ്പുറമിപ്പുറം മണിക്കൂറുകളോളം കുരുങ്ങിക്കിടക്കും. എത്രയോ ലക്ഷം രൂപയുടെ ഇന്ധനം അതിനായി പാഴാകും. എത്രയോ വിലപ്പെട്ട സമയം ചെലവാകും. കേരളജനതയെ നാണം കെടുത്തുന്ന ഏറ്റവും വലിയ അഴിമതിയുടെ രൂപമായി മാറുകയായിരുന്നു പാലാവരിവട്ടം പാലം.
2020 സെപ്റ്റംബര്‍ 22; പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയണമെന്ന് സുപ്രീംകോടതി വിധി
പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. ഇതോടെ പൊളിഞ്ഞു വീഴാൻ പോകുന്നത് യുഡിഎഫ് അഴിമതിയുടെ നിത്യസ്മാരകമാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നിന്റെ സ്മാരകമാണ് ഇതോടെ പൊളിയാൻ പോകുന്നത്. ഗതാഗതത്തിന് തുറന്ന് രണ്ടരവർഷത്തിനുള്ളിൽ ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേൽപ്പാലം യുഡിഎഫ് അഴിമതിയുടെ നിത്യസ്‌മാരകമാണ്.
ഇന്ന് ഇപ്പോള്‍ സുപ്രീം കോടതി വിധിയ്ക്ക് ശേഷം പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന്റെ മേല്‍നോട്ടച്ചുമതല ഇ. ശ്രീധരന് നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ഒമ്പത്ത് മാസത്തിനകം പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രിയും താനും ഇന്ന് തന്നെ ഇ. ശ്രീധരനോട് ഇതേ പറ്റി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കാലതാമസം കാരണം മൂന്ന് മാസം മുമ്പാണ് ഇ. ശ്രീധരന്‍ പദ്ധതിയില്‍ നിന്നും പിന്മാറിയത്.
പാലം പൊളിച്ച് പണിയുന്നതിന്, നിര്‍മാണ കമ്പിനിയായ ആര്‍.ഡി.എസ് പ്രോജക്‌ട് ലിമിറ്റഡും പാലം നിര്‍മിക്കുന്നതിന് കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുത്ത കിറ്റ്കോയും എതിരാണ്. പാലം പൊളിക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കം വളഞ്ഞ വഴിയില്‍ കാര്യം സാധിക്കുന്നതിനാണെന്നായിരുന്നു കിറ്റ്കോ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. അതേ സമയം, പാലത്തില്‍ ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ആര്‍.എഫ്. നരിമാന്‍ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.
പാലത്തിന് മോക്ഷം ലഭിച്ച് സഞ്ചാര യോഗ്യമാകുമോ എന്ന് വരും നാളുകളില്‍ നമുക്ക് കണ്ടറിയാം….അഴിമതി പുരളാത്ത പദ്ധതികള്‍ക്കായി കാത്തിരിക്കാം….
അഴിമതി എന്ന കോവിഡിനേക്കാള്‍ വലിയ മഹാമാരി എന്നാണ് സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ഭരണകൂടത്തിന് സാധിക്കുക….???