മുംബൈ: തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണി ഇടിവ് നേരിട്ടു. സെന്‍സെക്സ് 49,000 പോയിന്റിന് താഴേക്കും നിഫ്റ്റി 14,300ന് താഴേക്കും ഇടിഞ്ഞു.
വെള്ളിയാഴ്ചയുണ്ടായ തിരുത്തലിന്റെ തുടര്‍ച്ചയാണ് ഇന്ന് വിപണിയില്‍ കണ്ടത്. രാവിലെ നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് വില്‍പ്പന സമ്മര്‍ദം ശക്തമാവുകയായിരുന്നു. കരടികള്‍ പിടിമുറുക്കിയതോടെ നിഫ്റ്റി 14,300 പോയിന്റിന് താഴേക്ക് ഇടിഞ്ഞു. 14,222 പോയിന്റ് വരെ ഇടിഞ്ഞ നിഫ്റ്റി 14,281ലാണ് ക്ലോസ് ചെയ്തത്.
ബാങ്ക് നിഫ്റ്റിയും ശക്തമായ ഇടിവ് നേരിട്ടു. 32,000 പോയിന്റിന് താഴേക്ക് ബാങ്ക് നിഫ്റ്റി ഇടിഞ്ഞു. ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത് മെറ്റല്‍ ഓഹരികളാണ്. നിഫ്റ്റി മെറ്റല്‍ സൂചിക നാല് ശതമാനം ഇടിഞ്ഞു.
ഇന്ന് എല്ലാ മേഖലകളും നഷ്ടം രേഖപ്പെടുത്തി. 50 നിഫ്റ്റി ഓഹരികളില്‍ നേട്ടം രേഖപ്പെടുത്തിയത് ആറ് ഓഹരികള്‍ മാത്രമാണ്. യുപിഎല്‍ ആറ് ശതമാനം ഉയര്‍ന്നു. ഏറ്റവും ശക്തമായ ഇടിവ് നേരിട്ട നിഫ്റ്റി ഓഹരി ടാറ്റാ മോട്ടോഴ്സ് ആണ്. ആറ് ശതമാനമാണ് ടാറ്റാ മോട്ടോഴ്സ് ഇടിഞ്ഞത്.