മുംബൈ: രാവിലെ നേട്ടമില്ലാതെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി ചെറിയ ഇടിവിനു ശേഷം കരകയറ്റം നടത്തി. സെന്‍സെക്സ് 91 പോയിന്റ് നേട്ടം രേഖപ്പെടുത്തി. 49584ലാണ് ക്ലോസ് ചെയ്തത്. 30 പോയിന്റ് നേട്ടത്തോടെയാണ് നിഫ്റ്റി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 14,600ന് അരികെയാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി, ഫാര്‍മ ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച വെച്ചത്. മെറ്റല്‍ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.
ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഇന്‍ഫോസിസ് 5197 കോടി രൂപയുടെ അറ്റാദായം നേടി. ലാഭത്തില്‍ 7.3 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ 4845 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ വരുമാനത്തില്‍ അഞ്ചര ശതമാനം വര്‍ധനയുണ്ടായി.
ഇന്‍ഫോസിസിന്റെയും വിപ്രോയും പ്രവര്‍ത്തന ഫലത്തിനു ശേഷം ഈ ഓഹരികളില്‍ ലാഭമെടുപ്പ് ദൃശ്യമായതിനാല്‍ ഐടി ഇന്‍ഡക്സും നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യുപിഎല്‍, ബിപിസിഎല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഇന്ന് ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്റ്റി ഓഹരികള്‍. ബാങ്ക് നിഫ്റ്റിയില്‍ ഇന്ന് ചാഞ്ചാട്ടം ദൃശ്യമായി. നിഫ്റ്റി ഓഹരികളില്‍ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. 26 ഓഹരികള്‍ ലാഭത്തിലായപ്പോള്‍ 24 ഓഹരികള്‍ നഷ്ടം നേരിട്ടു.