മുംബൈ: തുടര്‍ച്ചയായ രണ്ട് ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്ന് ഓഹരി വിപണി
ചെറിയ നഷ്‌ടത്തോടെ ക്ലോസ് ചെയ്‌തു. കഴിഞ്ഞ രണ്ട് ദിവസത്തെ മുന്നേറ്റത്തിന് തുടര്‍ച്ചയായി രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണിയില്‍ പിന്നീട് ലാഭമെടുപ്പ് ദൃശ്യമാവുകയായിരുന്നു.
സെന്‍സെക്‌സ് എട്ട് പോയിന്റും നിഫ്‌റ്റി അഞ്ച് പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സെന്‍സെക്‌സ് 1400 പോയിന്റിലേറെ ഉയര്‍ന്നിരുന്നു. രാവിലെ 250 പോയിന്റോളം ഉയര്‍ന്നെങ്കിലും പിന്നീട് ഉയര്‍ന്ന നിലയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നത് വിപണിയെ താഴേക്ക് നയിച്ചു.
37,973 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. 38,236 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും 38,000ന് മുകളിലായി ക്ലോസ് ചെയ്യാനായില്ല. യുഎസ് വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്ന് രാവിലെ മികച്ച നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
രാവിലെ നിഫ്‌റ്റി 11,305 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. ലാഭമെടുപ്പിനെ തുടര്‍ന്ന് 11,181 പോയിന്റ് വരെ ഇടിഞ്ഞു. അതേ സമയം നിഫ്‌റ്റിക്ക് ഇന്നും 11,200ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച്ചു. നിഫ്‌റ്റി 11,222ലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്‌ടത്തിലായിരുന്നു. 32 ഓഹരികള്‍ നഷ്‌ടം രേഖപ്പെടുത്തിയപ്പോള്‍ 18 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലായത്. ഹിന്‍ഡാല്‍കോ, അള്‍ട്രാടെക് സിമന്റ്, ഹീറോ മോട്ടോഴ്‌സ്, ടൈറ്റാന്‍ ഇന്റസ്‌ട്രീസ്, ടിസിഎസ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഹിന്‍ഡാല്‍കോ 5.31 ശതമാനം നേട്ടമുണ്ടാക്കി. അള്‍ട്രാടെക് സിമന്റ്, ഹീറോ മോട്ടോഴ്‌സ്, ടൈറ്റാന്‍ ഇന്റസ്‌ട്രീസ്, ടിസിഎസ്, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ എന്നീ സൂചികാധിഷ്‌ഠിത ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
യുപിഎല്‍, ഒഎന്‍ജിസി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. യുപിഎല്‍, ഒഎന്‍ജിസി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ മൂന്ന് ശതമാനത്തിന് മുകളില്‍ നഷ്‌ടം നേരിട്ടു.
മെറ്റല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബാങ്ക് ഓഹരികള്‍ ഇടിവ് നേരിട്ടു. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.96 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേ സമയം നിഫ്‌റ്റി ബാങ്ക് സൂചിക 2.18 ശതമാനം ഇടിവാണ് നേരിട്ടത്.