മുംബൈ: ഓഹരി വിപണിയിലെ ശക്തമായ കുതിപ്പിനിടെ നഷ്ടം നേരിടുന്നതാണ് ഇന്ന് കണ്ടത്. ആഗോള സൂചനകളെ തുടര്‍ന്നാണ് ഓഹരി വിപണി നഷ്ടം നേരിട്ടത്. സെന്‍സെക്സ് 549 പോയിന്റ് ഇടിഞ്ഞ് 49,034ലാണ് ക്ലോസ് ചെയ്തത്.
ഇന്നലെ ക്ലോസ് ചെയ്ത നിലവാരത്തില്‍ തന്നെ വ്യാപാരം ആരംഭിച്ച നിഫ്റ്റി അതിനു ശേഷം ഏകദേശം 250 പോയിന്റ് ഇടിവാണ് നേരിട്ടത്. 14,358 പോയിന്റ് ആണ് നിഫ്റ്റിയുടെ ഇന്നത്തെ താഴ്ന്ന നിലവാരം. 162 പോയിന്റ് ഇടിവോടെയാണ് ക്ലോസ് ചെയ്തത്.
എല്ലാ മേഖലകളും ഇന്ന് നഷ്ടമാണ് രേഖപ്പെടുത്തിയത്. ബാങ്ക് നിഫ്റ്റിയും വില്‍പ്പന സമ്മര്‍ദം നേരിട്ടു. ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത് ഐടി ഓഹരികളാണ്. നിഫ്റ്റി ഐടി സൂചിക 2.31 ശതമാനമാണ് ഇടിഞ്ഞത്. പൊതുമേഖലാ ബാങ്ക്, ഫാര്‍മ, മെറ്റല്‍ ഓഹരികളും ഇടിവ് നേരിട്ടു. നിഫ്റ്റി ഓഹരികളില്‍ ഭൂരിഭാഗവും നഷ്ടം നേരിട്ടു. 26 ഓഹരികള്‍ മാത്രം ലാഭത്തിലായപ്പോള്‍ 48 ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.
എംഎസ്സിഐ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ് സൂചികയില്‍ ഭാരതി എയര്‍ടെല്ലിന്റെ വെയിറ്റേജ് ഉയര്‍ത്തുമെന്ന അറിയിപ്പിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില ഇന്ന് നാല് ശതമാനത്തോളം മുന്നേറി. കഴിഞ്ഞ ഒരു മാസം കൊണ്ട് 15 ശതമാനമാണ് ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില ഉയര്‍ന്നത്.