സുധീർ നാഥ്
രാജ്യം കോവിഡിന്റെ അതിഭീകരമായ താണ്ഡവ നൃത്തത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ്. കോവിഡിനെ നിയന്ത്രിക്കുവാൻ വാക്സിൻ എന്നു വരും എന്നുള്ള ചർച്ചയാണ് വ്യാപകം. ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു സമൂഹം നമ്മുടെ രാജ്യത്തുണ്ട്. വാക്സിൻ പരീക്ഷണം രാജ്യത്തിന്റെ പലഭാഗങ്ങളിലും ശാസ്ത്രജ്ഞന്മാർ ഗൗരവമായി നടത്തിവരികയാണ്. 130 കോടി ജനങ്ങൾക്ക് വാക്സിൻ എത്തിയാൽ മാത്രമേ സമൂഹത്തിൽ സുരക്ഷിത ബോധം ചെറുതായെങ്കിലും ഉണ്ടാകുവാൻ പോകുന്നുള്ളൂ. ജനങ്ങൾക്ക് എല്ലാവർക്കും പണം നൽകി വാക്സിൻ വാങ്ങുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത്.
മതേതര ജനാധിപത്യ രാജ്യം എന്ന് നാം വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ ശ്രീകോവിലാണ് പാർലമെന്റ്. പാർലമെന്റിലെ നിർമ്മിതിക്കായി ആയി 861.9 കോടി രൂപയാണ് 21 മാസം കൊണ്ട് ചെലവഴിക്കാൻ ടാറ്റ ഗ്രൂപ്പിന് നൽകുന്നത്.
രാജ്യത്ത് കോവിഡ് രോഗികൾക്ക് വാക്സിനുകൾ സൗജന്യമായി കൊടുക്കുവാനുള്ള പണമാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിനായി ഇപ്പോൾ ചെലവഴിക്കാൻ പോകുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റ് സമ്മേളനം ബുധനാഴ്ച അവസാനിപ്പിക്കുവാൻ ഉള്ള സാഹചര്യം ഉയർന്നു വന്നിരിക്കുകയാണ്. മുപ്പതിലേറെ അംഗങ്ങൾക്കും അമ്പതിലേറെ ജീവനക്കാർക്കും ഇതിനകം കോവിഡ് സ്ഥിരീകരിച്ചത് ഞെട്ടലോടുകൂടിയാണ് സമൂഹം കണ്ടത്. മലയാളിയായ എൻ.കെ പ്രേമചന്ദ്രൻ കോവിഡ് പോസിറ്റീവായി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലാണ്.
കോടികൾ ചെലവാക്കിയുള്ള പുതിയ പാർലമെന്റ് മന്ദിരം 21 മാസം കൊണ്ട് പൂർത്തീകരിക്കുക എന്ന ലക്ഷ്യം നരേന്ദ്രമോഡി സർക്കാർ എടുത്തത് തെറ്റായ സമയത്താണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ബിജെപിക്കുള്ളിൽനിന്നുതന്നെ ഉണ്ടായിട്ടുണ്ട്. ഇത് പ്രതിരോധിക്കുന്നതിന് വേണ്ടി അദ്ദേഹത്തിനൊപ്പം അമിത്ത് ഷാ ഇപ്പോൾ സജീവമായി രംഗത്തില്ല എന്നുള്ളത് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷെ ടെന്ററായി പണി തുടങ്ങാൻ പോകുന്നു.
കർഷകരെ കഷ്ടത്തിലാക്കുന്ന 3 ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കി എടുക്കുക എന്നുള്ള ലക്ഷ്യം നരേന്ദ്രമോദിക്ക് സാധിച്ചു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം രാജ്യത്താകമാനം തുടങ്ങിക്കഴിഞ്ഞു. ഇത് മോദി സർക്കാരിനെ വിഷമിപ്പിക്കുന്നുണ്ട് എന്നുള്ള കാര്യത്തിൽ സംശയമില്ല. രാജ്യത്താകമാനം കർഷകസമരം ശക്തിപ്പെട്ടാൽ സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ അത് ബാധിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.
ബില്ല് പാസായി എങ്കിലും, കർഷക സമരത്തിനെതിരെ പ്രതിരോധ നിര ശക്തമാക്കാൻ ബി ജെ പിക്ക് കഴിഞ്ഞില്ല. പാർലമെന്റിന്റെ അകത്തളം തന്നെ മാറുന്നു. പുതിയ മന്ദിരം പൂർത്തിയായാൽ പുതിയ അകത്തളമായി. അവിടെ ആരെന്നും ആർക്കെന്നും ആർക്കറിയാം…




















