ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 900 കോടി രൂപ അനുവദിച്ചു. മിഷന്‍ കോവിഡ് പാക്കേജില്‍ നിന്ന് അനുവദിച്ച തുക ബയോടെക്‌നോളജി വകുപ്പിന് കൈമാറും. മൂന്നാം ഉത്തേജന പാക്കേജിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.
ഇന്ത്യയില്‍ ആദ്യം വിപണിയിലെത്താന്‍ തയ്യാറെടുക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനാണ് കൊവിഷീല്‍ഡ്. മൂന്നാംഘട്ട ക്ലിനിക്കല്‍ പരിശോധനയും പൂര്‍ത്തിയായതിനാല്‍ ഇനി അടിയന്തരമായി പുറത്തിറക്കാനുള്ള സര്‍ക്കാര്‍ അനുമതിക്കായാണ് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കാത്തിരിക്കുന്നത്. രണ്ടാഴ്ചക്കകം അത് ലഭ്യമാക്കാനുള്ള അപേക്ഷ നല്‍കും. ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള പ്രായക്കാര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കില്ല. 18-നും 65-നും ഇടയിലുള്ളവരിലാണ് വാക്‌സിന്‍ ട്രയല്‍ പൂര്‍ത്തിയാക്കിയത്. അതിനാല്‍ ഈ വിഭാഗക്കാര്‍ക്ക് മാത്രമാണ് തുടക്കത്തില്‍ വാക്‌സിന്‍ നല്‍കാനാവുക. നിലവിലെ ട്രയലില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗക്കാരില്‍ ആദ്യഘട്ട വാക്‌സിന്‍ പുറത്തിറങ്ങിയതിന് പിന്നാലെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം.











