റിയാദ്: മദീനയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖലകളില്‍ പ്രവേശിക്കുന്നതിന് തവക്കല്‍ന അപ്പ് നിര്‍ബന്ധമാക്കി. തിങ്കളാഴ്ച മുതലാണ് ഗവണ്‍മെന്റ്, സ്വകാര്യ മേഖലകളില്‍ പ്രവേശനത്തിന് കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന തവക്കല്‍ന അപ്പ് നിര്‍ബന്ധമാണെന്ന നിയമം പ്രാബല്യത്തില്‍ വന്നത്.
യാമ്പുവിലും തവക്കല്‍ന അപ്പ് നിര്‍ബന്ധമാക്കിയാതായി യാമ്പു മേയര്‍ അറിയിച്ചു. തവക്കല്‍ന അപ്പ് എല്ലാവരും ഡൌണ്‍ലോഡ് ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി സൗദിയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കുന്നത് മദീനയിലാണ്. മദീനയില്‍ 72 പുതിയ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം ഇറക്കിയ ആപ്പാണ് തവക്കല്‍ന. ഗവണ്‍മെന്റ്, സ്വകാര്യ മേഖലയിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, കഫേകള്‍, പബ്ലിക്ക് മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും കോവിഡ് മുക്തമാണെന്ന് തെളിയിക്കാന്‍ മറ്റ് രേഖകള്‍ക്ക് പകരം തവക്കല്‍ന ആപ് മതിയാകുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.