Web Desk
ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെവച്ച് മന്ത്രിയുടെ സാബിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പരിപാടികളിലും മന്ത്രിസഭാ യോഗത്തിലും മഹമൂദ് അലിക്ക് പങ്കെടുത്തിരുന്നു. നാല് ദിവസം മുമ്പ് തന്നെ മന്ത്രിക്ക് പനിയും ചുമയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നെങ്കിലും ഇത് വകവെക്കാതെയാണ് മന്ത്രി പരിപാടികളില്‍ പങ്കെടുത്തത്.
മന്ത്രിക്ക് കോവിഡ് പോസിറ്റീവ് ആയതോടെ ആഭ്യന്തര വകുപ്പിന്‍റെ ഓഫീസ് അടച്ചുപൂട്ടി. ഇതോടെ മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വലിയൊരു വിഭാഗം ആളുകള്‍ ക്വാറന്‍റൈനില്‍ പോകേണ്ടി വരും. ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിയുടെ ഗണ്‍മാനും സ്റ്റാഫിനും കൊറോണ സ്ഥിരീകരിച്ചിരുന്നു.