കെ.അരവിന്ദ്
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് 12 ലക്ഷം കോടി രൂപ വിപണിമൂല്യം കൈവരിച്ച രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയാണ്. കഴിഞ്ഞ ഏതാനും ത്രൈമാസങ്ങളിലായി ടിസിഎസ് മികച്ച പ്രവര്‍ത്തനഫലമാണ് പുറത്തുവിട്ടത്. ബിസിനസില്‍ ടിസിഎസ് ബാലന്‍സ്ഡ് ആയ രീതിയാണ് പിന്തുടരുന്നത് എന്നത് കാണ്ടുതന്നെ ബിസിനസ്സ് ചക്രങ്ങളിലെ മാറ്റങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ടിസിഎസിന് സാധിക്കുന്നു. ടിസിഎസില്‍ നാല് ലക്ഷത്തിലേറെ ജീവനക്കാരാണുള്ളത്. മികച്ച ഉപഭോക്തൃ അടിത്തറയുള്ള കമ്പനിയാണ് ടിസിഎസ്.
ഡിജിറ്റല്‍വല്‍ക്കരണ കാലത്ത് ഐടി കമ്പനികളുടെ ബിസിനസില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. ടെക്നോളജിയെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിനും ആരോഗ്യ പരിരക്ഷക്കും കോവിഡ് കാലത്ത് പ്രചാരം കൈവന്നു. ഇ-കോമേഴ്സ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഇലക്ട്രോണിക് പേമെന്റ് തുടങ്ങിയവയ്ക്കും ഈ കാലയളവില്‍ വലിയ പ്രചാരമാണ് സിദ്ധിച്ചത്. ഇത് ഐടി കമ്പനികള്‍ക്ക് പുതിയ ബിസിനസ് അവസരങ്ങള്‍ ഉണ്ടാകുന്നതിന് വഴിയൊരുക്കി. അതുകൊണ്ടുതന്നെ ഐടി കമ്പനികള്‍ തുടര്‍ന്നും മികച്ച പ്രകടനം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐടി കമ്പനികളില്‍ ഏറ്റവും മികച്ച മൂന്നാം ത്രൈമാസ ഫലം ടിസിഎസിന്റേതായിരുന്നു. വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ് എല്ലാ തലത്തിലും ടിസിഎസ് കാഴ്ച വെച്ചത്. ടിസിഎസ് 8,701 കോടി രൂപയുടെ അറ്റാദായം നേടി. ലാഭത്തില്‍ 7 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ 8,118 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ വരുമാനത്തില്‍ അഞ്ചര ശതമാനം വര്‍ധനയുണ്ടായി. 42,015 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.
ടിസിഎസിന്റെ വിപണിമൂല്യം 12 ലക്ഷം കോടി രൂപയാണ്. ടിസിഎസിന്റെ ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലമാണ് ഓഹരി വില പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് വഴിവെച്ചത്. റിലയന്‍സ് ഇന്റസ്ട്രീസ് കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനിയാണ് ടിസിഎസ്. പ്രവര്‍ത്തനഫലം പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ടിസിഎസിന്റെ വിപണിമൂല്യത്തില്‍ 85,00 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
പൊതുവെ നിക്ഷേപകരോട് ഉദാരമായ സമീപനം സ്വീകരിക്കുന്ന കമ്പനിയാണ് ടിസിഎസ്. ലാഭവിഹിതം വഴിയും ഓഹരി തിരിച്ചു വാങ്ങല്‍ വഴിയും നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെ കമ്പനി മാനിക്കുന്നു. നിലവില്‍ ടിസിഎസിന്റെ ഡിവിഡന്റ്യീല്‍ഡ് 2.25 ശതമാനമാണ്. അതായത് നിലവിലുള്ള ഓഹരി വിലയുടെ 2.25 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടിസിഎസ് നിക്ഷേപകര്‍ക്ക് നല്‍കിയ ലാഭ വിഹിതം.