മുംബൈ: ബോളിവുഡ് യുവനടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് മൊഴി നല്‍കി. രാവിലെ 11.30ന് മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലെ ഡപ്യൂട്ടി കമ്മിഷണര്‍ അഭിഷേക് ത്രിമുഖെയുടെ ഓഫിസിലെത്തിയാണു മൊഴി നല്‍കിയത്.
കരണ്‍ ജോഹര്‍, കങ്കണ റണാവത്ത് എന്നിവരെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ മേഖലയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്ന് കങ്കണ ആരോപിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് അവര്‍ക്ക് ബാന്ദ്ര പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് 17 മുതല്‍ കങ്കണ ഹിമാചല്‍ പ്രദേശിലാണ്.
മുപ്പത്തിനാലുകാരനായ സുശാന്ത് സിങ് രജ്പുത്തിനെ ജൂണ്‍ 14-നാണ് ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സോഷ്യല്‍മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. കൂടാതെ നടനെ സിനിമാ മേഖലയിലെ ചിലര്‍ വിലക്കേര്‍പ്പെടുത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് തൊഴില്‍പരമായ ശത്രുതയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നത്.
മഹേഷ് ഛബ്ര, ആദിത്യ ചോപ്ര, ഷാനു ശര്‍മ, രാജീവ് മസന്ത് എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്ത് കേസില്‍ ആവശ്യമെങ്കില്‍ കരണ്‍ ജോഹറിനെയും വിളിപ്പിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.