ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതുതായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഇതേ ആവശ്യം ഉന്നയിച്ചുള്ള സരിതയുടെ ഹര്‍ജി ഹൈക്കോടതി മുന്‍പ് തള്ളിയിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. തന്റെ നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹര്‍ജി.
സോളാര്‍ കേസില്‍ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. അതേസമയം രാഹുലിനെതിരെ മത്സരിക്കാന്‍ അമേഠി മണ്ഡലത്തില്‍ നല്‍കിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നു. വയനാട്ടിലെ പത്രിക തള്ളിയ നടപടിയില്‍ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സരിതയുടെ ആവശ്യം











