ന്യൂഡല്‍ഹി: ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയില്‍ സ്പര്‍ശിച്ചാല്‍ അത് ലൈംഗിക പീഡനമാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തില്‍ പോക്‌സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ പരാമര്‍ശവും ഇതോടെ റദ്ദായി. മൂന്ന് വനിതാ അഭിഭാഷകര്‍ നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിച്ചാണ് നടപടി.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്തുണച്ചു. ഇത് അപകടകരമായ ഒരു കീഴ്‌വഴക്കം ഉണ്ടാക്കിയേക്കാമെന്നും, അടിയന്തരമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞു.
കൃത്യമായ ഒരു ഹര്‍ജി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു. പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്ത കോടതി, അടിയന്തരമായി ശിക്ഷാവിധി പുനഃസ്ഥാപിക്കുകയും രണ്ടാഴ്ചക്കകം പ്രതിയോട് തിരികെ ജയിലില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
31 വയസുകാര്‍ 12 വയസുള്ള ഒരു കുട്ടിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. പ്രതിയെ പോക്‌സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.