ഗള്‍ഫ് ഇന്ത്യന്‍സ്. കോം
ഒരു ബില്യണ്‍ എന്നാല്‍ 100 കോടി എന്നു നമുക്കറിയാം. അപ്പോള്‍ ഒരു ക്വിന്റില്യണ്‍ എത്രയാവും. ഒരു ബില്യണ്‍ ‘ബില്യണ്‍’ എന്നാണ് അതിനുള്ള ഉത്തരം. അക്കത്തില്‍ പറഞ്ഞാല്‍ ഒന്നും 18 പൂജ്യങ്ങളും ചേര്‍ത്താല്‍ 1 ക്വിന്റില്യണ്‍ ആയി (1, 000, 000, 000, 000, 000, 000). ഇത്രയും കണക്കുകള്‍ ഒരു നിമിഷം കൊണ്ടു ചെയ്തു തീര്‍ക്കുന്ന കമ്പ്യൂട്ടറുകളാണ് എക്സാസെ്കയില്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഭൂമിയില്‍ ഇപ്പോള്‍ ജീവിച്ചിരുക്കുന്ന സകല മനുഷ്യരും വരുന്ന നാലു വര്‍ഷം 24 മണിക്കൂറും തുടര്‍ച്ചയായി കണക്കുകൂട്ടലില്‍ ഏര്‍പ്പെട്ടാല്‍ മാത്രമാണ് ഒരു ക്വിന്റില്യണില്‍ എത്താനാവുക. അത്രയും അദ്ധ്വാനം ഒരു സെക്കന്റില്‍ പൂര്‍ത്തിയാക്കുന്ന കമ്പ്യൂട്ടിംഗിന്റെ ഈ ശക്തി എന്തായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.
സൂപ്പര്‍ കമ്പ്യൂട്ടിംഗിലെ ഈ താരോദയത്തെ ആദരിക്കുന്നതിനു വേണ്ടി ഒക്ടോബര്‍ 18 (ഞായറാഴ്ച) എക്സാ സ്‌കെയില്‍ ദിനമായി കൊണ്ടാടുന്നു. അറിവിന്റെയും, സാങ്കേതിക വിദ്യയുടെയും വിവിധ മേഖലകളില്‍ എക്സാസെ്കയില്‍ കമ്പ്യൂട്ടറുകള്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടവരുത്തുമെന്നു വിലയിരുത്തപ്പെടുന്നു. മലിനീകരണരഹിത ഊര്‍ജ്ജ ശ്രോതസ്സുകള്‍, രോഗമുക്തി, കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തഫലങ്ങളുടെ ലഘൂകരണം, കൂടുതല്‍ കാര്യക്ഷമമായ ഗതാഗത സംവിധാനങ്ങള്‍ ഇങ്ങനെ വൈവിധ്യങ്ങളായ മേഖലകളില്‍ എക്സാസെ്കയില്‍ കമ്പ്യൂട്ടിംഗ് വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കുമെന്നു ബന്ധപ്പെട്ട വിദഗ്ധര്‍ അവകാശപ്പെടുന്നു. 2021-23 കാലയളവില്‍ ഈ ശ്രേണിയിലുള്ള സൂപര്‍ കമ്പ്യൂട്ടറുകള്‍ അമേരിക്കയില്‍ മൂന്നിടങ്ങളിലായി സ്ഥാപിക്കപ്പെടും എന്നു എക്സാസെ്കയില്‍ ദിനാചരണവുമായി ബന്ധപ്പെട്ട ചില റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നു.




















