സുധീര്‍ നാഥ്
1969ല്‍ മൈക്കിള്‍ ക്രിഗ്‌ടോണ്‍ എഴുതിയ നോവലിനെ അടിസ്ഥാനമാക്കി 1971ല്‍ റോബേര്‍ട്ട് വൈസ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ദി അന്‍ഡ്രാമീഡാ സ്‌ട്രേയിന്‍. ന്യൂ മെക്‌സിക്കോ പട്ടണത്തില്‍ ശൂന്യാകാശത്ത് നിന്ന് വീഴുന്ന ഒരു വൈറസാണ് വിഷയം. വയറസ് പട്ടണത്തിലെ എല്ലാ മനുഷ്യരെയും കൊല്ലുന്നതാണ് ചിത്രത്തില്‍. വൈറസിനെ തളച്ച് ജനങ്ങളെ രക്ഷിക്കുന്നതോടെയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ശാസ്ത്ര ഫാന്റസി സിനിമ അവസാനിക്കുന്നത്.
1978ല്‍ പുറത്തിറങ്ങിയ ഡോണ്‍ ഓഫ് ദി ഡെഡ് എന്ന ഹൊറര്‍ സിനിമ കൂടുതല്‍ ഇഫക്റ്റുകളോടെ 2004ല്‍ റീമേക്ക് ചെയ്ത് പ്രദര്‍ശനത്തിന് എത്തിയിരുന്നു. അന്ന എന്ന നേഴ്‌സും ഭര്‍ത്താവ് ലോയൂസും സ്വന്തം ഗ്രാമത്തിലേയ്ക്ക് വരുന്നു. ഒരു രാത്രി രാജ്യം പെട്ടന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഒരു പെണ്‍കുട്ടി വീട്ടില്‍ കയറി വരുകയും ഭര്‍ത്താവ് ലോയൂസിനെ കൊല ചെയ്യുകയും ചെയ്യുന്നു. പെണ്‍കുട്ടി രൂപമാറ്റം വന്ന് ഒരു ഭീകര വൈറസായി മാറുന്നു. പക്ഷെ അന്ന വൈറസിന്റെ ആക്രമത്തില്‍ നിന്ന് തന്ത്രപൂര്‍വ്വം കാറില്‍ രക്ഷപെടുന്നു. തുടര്‍ന്ന് വൈറസുകളുമായുള്ള ശീതയുദ്ധമാണ് സിനിമയുടെ കഥ.
1995ല് അമേരിക്കന്‍ സംവിധായകന്‍ വൂള്‍സ് ഗാങ്ങ് പീറ്റര്‍സന്റെ ഔട്ട്‌ബ്രേക്ക് എന്ന സിനിമയും വൈറസിനെ ചുറ്റിപ്പറ്റിയുള്ളതാണ്. റിച്ചാര്‍ഡ് പിറ്റ്‌സണ്‍ എഴുതിയ ദി ഹോട്ട് സോണ്‍ എന്ന നോണ്‍ ഫിക്ഷനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. അമേരിക്കയിലെ ഒരു കൊച്ചു പട്ടണത്തില്‍ മനുഷ്യ കുരുതിക്ക് കാരണമാകുന്ന ഒരു വൈറസ് ആക്രമണം ഉണ്ടാകുന്നതും അത് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും, നിയന്ത്രണത്തിലാക്കുന്നതുമാണ് സിനിമ. ഈ സിനിമ ഇറങ്ങിയ ഉടനെയായിരുന്നു ഇബോള വൈറസ് ലോക ആരോഗ്യ രംഗത്തെ ആശങ്കപ്പെടുത്തി ആക്രമിച്ചത്.
ഇത്തരത്തില്‍ വൈറസ് മുഖ്യ കഥാപാത്രമാകുന്ന സിനിമകള്‍ വിദേശത്ത് ധാരാളമായി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഇറങ്ങിയിട്ടുള്ള ഇത്തരം സിനിമകള്‍ക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. സാങ്കേതിക വിദ്യ വളര്‍ന്നതോടെ സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍ നല്‍കി ഇറങ്ങുന്ന സിനിമകള്‍ നമ്മള്‍ കൗതുകത്തോടെയാണ് കണ്ടിട്ടുള്ളത്. കാബിന്‍ ഫീവര്‍ (2002) എന്ന സിനിമയില്‍ ക്യാമ്പിന് പോകുന്ന കോളേജ് വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ മാംസം കഴിക്കുന്ന വൈറസ് കയറുന്നതാണ് കഥ. 2016ല്‍ ഈ സിനിമ സംവിധായകന്‍ വീണ്ടും എടുത്തിരുന്നു.