കെ.അരവിന്ദ്
ആഗോള രംഗത്തെ നാലാമത്തെ വലിയ ഫാര്‍മ കമ്പനിയാണ് സണ്‍ ഫാര്‍മ. 450 കോടി ഡോളറിലേറെ ആഗോള വരുമാനം ലഭിക്കുന്ന കമ്പനിയുടെ ഉന്നത നിലവാരമുള്ള ഔഷധങ്ങള്‍ നൂറ്റമ്പതിലേറെ രാജ്യങ്ങളിലാണ് എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഔഷധ നിര്‍മാണ കമ്പനി കൂടിയാണ് സണ്‍ ഫാര്‍മ. അഞ്ച് ഭൂഖണ്‌ഡങ്ങളിലായി 45 ഔഷധനിര്‍മാണ യൂണിറ്റുകളാണ് കമ്പനിക്കുള്ളത്.
കമ്പനിയുടെ വരുമാനത്തിന്റെ ഗണ്യമായ പങ്ക് ലഭിക്കുന്നത് യുഎസ്സില്‍ നിന്നാണ്. യൂറോപ്പിലും റഷ്യ, റുമാനിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, മലേഷ്യ തുടങ്ങിയ വളര്‍ന്നുവരുന്ന വിപണികളിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്.
2010-15 കാലയളവില്‍ 70 ശതമാനം പേറ്റന്റുകളുടെയും കാലാവധി അവസാനിച്ചത് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അവസരമൊരുക്കിയതാണ് ആ കമ്പനികളുടെ ലാഭത്തില്‍ വന്‍വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയത്. കോവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ ബിസിനസില്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഇത് ഈ ഓഹരികളുടെ വിലയില്‍ ശക്തമായ മുന്നേറ്റത്തിന് കാരണമായി. ഇന്ത്യയിലെ ഔഷധ വ്യവസായ മേഖലയിലുണ്ടായ വലിയ കുതിച്ചുചാട്ടം ഫാര്‍മ ഓഹരികളുടെ ജാതകം തിരുത്തിയെഴുതി. ഇന്ത്യയിലെ ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ വലിപ്പവും പ്രാധാന്യവും ലോകം ഒരിക്കല്‍ കൂടി തിരിച്ചറിയുന്നതിനാണ് കോവിഡ്-19 എന്ന രോഗം വഴിവെച്ചത്.
2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ യുഎസിലെ 70 ശതമാനം മരുന്നുകളുടെയും പേറ്റന്റ് കാലാവധി അവസാനിച്ചതാണ് ഇന്ത്യയിലെ ജനറിക് മരുന്ന് ഉല്‍പ്പാദകര്‍ക്ക് സുവര്‍ണാവസരമൊരുക്കിയത്. ഒപ്പം ബരാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി കൊണ്ടുവന്ന ഒബാമ കെയര്‍ പദ്ധതിയും ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് വഴിയൊരുക്കി.
എന്നാല്‍ ട്രംപ് യുഎസ് പ്രസിഡന്റായതോടെ സ്ഥിതി മാറി. യുഎസിലെ ഫാര്‍മ കമ്പനികളുടെ ലോബീയിംഗിന്റെ ഫലമായി ട്രംപ് ഒബാമ കെയര്‍ നിര്‍ത്തലാക്കി. കൊറോണയെ തുരത്താന്‍ കഴിയാതെ യുഎസ് നേരിട്ട ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം അന്നത്തെ ആ തീരുമാനമായിരുന്നു. യുഎസിലെ ഫാര്‍മ കമ്പനികള്‍ക്ക് തടിച്ചു കൊഴുക്കാന്‍ വളിയൊരുക്കി കൊണ്ട് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് പല നിയന്ത്രണങ്ങളും ട്രംപ് ഏര്‍പ്പെടുത്തി. ഇന്ത്യന്‍ കമ്പനികള്‍ കൃത്രിമമായി വില ഉയര്‍ത്തുന്നുവെന്നതായിരുന്നു ട്രംപിന്റെ ഒരു ആരോപണം. യഥാര്‍ത്ഥത്തില്‍ യുഎസിലെ കമ്പനികള്‍ വില്‍ക്കുന്നതിന്റെ പകുതി വിലയ്‌ക്കാണ് ഇന്ത്യന്‍ കമ്പനികള്‍ മരുന്ന് വിപണിയിലെത്തിച്ചിരുന്നത്. റെഗുലേഷന്‍ എന്ന പേരില്‍ പല ഇന്ത്യന്‍ കമ്പനികളുടെയും പ്ലാന്റുകള്‍ക്ക് വിലക്ക് വന്നു, മരുന്നുകള്‍ നിരോധിച്ചു.
എന്നാല്‍ പിന്നീട് യുഎസ് അടവ് മാറ്റി. കൊറോണ ബാധിതരുടെ എണ്ണത്തില്‍ യുഎസ് ഒന്നാമതായതോടെ അടിയന്തിരമായി ഔഷധങ്ങളുടെ ലഭ്യത ഉയര്‍ത്തേണ്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്പനികളെ ട്രംപിന് വന്നത്. പല ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെയും പ്ലാന്റുകള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചു. പുതിയ മരുന്നുകള്‍ക്ക് അനുമതി നല്‍കി.
ഇന്ത്യന്‍ കമ്പനികളെ ആശ്രയിക്കാതെ നിവൃത്തിയില്ല എന്ന യാഥാര്‍ത്ഥ്യം യുഎസ് മനസിലാക്കി കഴിഞ്ഞു. യുഎസിന് മാത്രമല്ല ലോകത്തെ ഒരു രാജ്യത്തിനും ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ അവഗണിക്കാന്‍ സാധിക്കില്ല.
അടുത്ത രണ്ട് വര്‍ഷത്തോളം ഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വര്‍ധിതമായ തോതില്‍ ഡിമാന്റ് നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാലും തുടര്‍ന്നും ആരോഗ്യ രംഗത്ത് കൂടുതല്‍ മുന്‍കരുതലുകള്‍ ലോകവ്യാപകമായി ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഇത് ഫാര്‍മ കമ്പനികളുടെ ഓഹരി വിപണിയിലെ മികച്ച പ്രകടനത്തിന് തുടര്‍ന്നും വഴിയൊരുക്കും. അടുത്ത വര്‍ഷങ്ങളിലും നിലനില്‍ക്കുന്ന ഒരു മുന്നേറ്റം ഫാര്‍മ കമ്പനികളുടെ ഓഹരികളില്‍ പ്രതീക്ഷിക്കാം. സണ്‍ ഫാര്‍മ നിക്ഷേപയോഗ്യമായ മികച്ച ഫാര്‍മ ഓഹരിയാണ്.