കെ.അരവിന്ദ്
വിവിധ ഇനം വാഹനങ്ങളുടെ ഷോക്ക് അബ്‌സോര്‍ബര്‍, ഫ്രന്റ് ഫോര്‍ക്ക് തുടങ്ങിയ ഭാഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയാണ് ഗബ്രിയേല്‍ ഇന്ത്യ. രാജ്യത്തെ മിക്കവാറും എല്ലാ ആഭ്യന്തര വാഹന നിര്‍മാതാക്കളും ഗബ്രിയേല്‍ ഇന്ത്യയുടെ ഉപഭോക്താക്കളാണ്.
1961ല്‍ ഡി.സി.ആനന്ദ് സ്ഥാപിച്ച കമ്പനിയുടെ ഉന്നത നിലവാരമുള്ള ഗവേഷണ-വികസന കേന്ദ്രങ്ങള്‍ ചകാന്‍, ഹൊസൂര്‍, നാസിക് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യാന്തര കമ്പനികളുമായും ബിസിനസ് ധാരണയുണ്ട്.
ഗബ്രിയേല്‍ ഇന്ത്യ വില്‍പ്പനയില്‍ ഏഴ്-എട്ട് ശതമാനം വളര്‍ച്ചയാണ് സ്ഥിരതയോടെ കൈവരിക്കുന്നത്. അതേ സമയം കമ്മോഡിറ്റി വിലയിലെ കയറ്റം കാരണം പലിശക്കും നികുതിക്കും മുമ്പുള്ള വരുമാനത്തില്‍ ചാഞ്ചാട്ടം പ്രകടനമാണ്. ധനാഗമനം മികച്ച നിലയിലാണ്. യാതൊരു കടബാധ്യതയുമില്ലാത്ത കമ്പനിയുടെ കൈയില്‍ 469 കോടി രൂപ മിച്ചധനമായുണ്ട്.
വളരെ ന്യായമായ നിലയിലാണ് നിലവില്‍ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്. ഗബ്രിയേല്‍ ഇന്ത്യയുടെ ഓഹരി വില പ്രതി ഓഹരി വരുമാനത്തിന്റെ 30 മടങ്ങാണ്. അതേ സമയം ഈ മേഖലയിലെ കമ്പനികളുടെ ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം ശരാശരി 52 ആണ്. ഈ മേഖലയിലെ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറഞ്ഞ നിലയിലാണ് ഗബ്രിയേല്‍ ഇന്ത്യയെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മറ്റ് കമ്പനികളേക്കാള്‍ മികച്ച നിലയിലാണ് ഗബ്രിയേല്‍ ഇന്ത്യയുടെ ധനാഗമനം.
നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ 26.57 കോടി രൂപയുടെ അറ്റാദായമാണ് ഗബ്രിയേല്‍ ഇന്ത്യ കൈവരിച്ചത്. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തിലുണ്ടായ വളര്‍ച്ച 23 ശതമാനമാണ്. വരുമാനം 390 കോടി രൂപയില്‍ നിന്നും 471 കോടി രൂപയായി ഉയര്‍ന്നു.
ഗബ്രിയേല്‍ ഇന്ത്യയുടെ വരുമാനത്തിന്റെ 55 ശതമാനവും ഇരുചക്ര വാഹന വിഭാഗ ത്തില്‍ നിന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാ വാഹന വിഭാഗം 32 ശതമാന വും കമ്മേഷ്യല്‍, റെയില്‍വേ വിഭാഗം 13 ശതമാനവും വരുമാനം സംഭാവന ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
ഓട്ടോമൊബൈല്‍ വ്യവസായം ശക്തമായ വളര്‍ച്ച കൈവരിക്കാനുള്ള സാധ്യത ഗബ്രിയേല്‍ ഇന്ത്യയുടെ ബിസിനസും മെച്ചപ്പെടാന്‍ വഴിയൊരുക്കുന്നു. വാഹന നിര്‍മാണ മ്പനികളുടെ പുതിയ മോഡലുകള്‍ പുറത്തിറങ്ങുന്നത് ഗബ്രിയേല്‍ ഇന്ത്യയ്‌ക്ക് ഗുണകരമാകും. പൊതുവെ 2021ല്‍ ഓട്ടോമൊബൈല്‍ കമ്പനികളുടെ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. ഗബ്രിയേല്‍ ഇന്ത്യയുടെ പ്രകടനത്തിലും മുന്നേറ്റം പ്രതീക്ഷിക്കുന്നു.
പരിപാലന, അറ്റക്കുറ്റപ്പണി ചെലവ് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കടബാധ്യതയില്ലാത്ത, കൈവശം ധാരാളം കമ്പനിക്ക് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരികയാണെങ്കില്‍ വായ്‌പയെടുക്കേണ്ടി വരില്ല. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പരിഗണനീയമായ ഓഹരിയാണ് ഗബ്രിയേല്‍ ഇന്ത്യ. ഓഹരി വില അടുത്ത സാമ്പത്തിക വര്‍ഷം 146 രൂപയിലേക്കു ഉയരാനുള്ള സാധ്യതയുണ്ട്.




















