മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും നേട്ടമുണ്ടാക്കി. ജോ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഎസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കിയതാണ് വിപണി ഉയരാന്‍ കാരണം. സെന്‍സെക്സ് 704 പോയിന്റും നിഫ്റ്റി 197 പോയിന്റും ഉയര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ചയിലെ ശക്തമായ മുന്നേറ്റം ഓഹരി വിപണി ഈയാഴ്ചയിലെ ആദ്യത്തെ വ്യാപാര ദിനത്തിലും തുടരുകയാണ് ചെയ്തത്.
ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തുന്നതാണ് ഇന്ന് കണ്ടത്. തുടര്‍ച്ചയായ ആറ് ദിവസത്തെ മുന്നേറ്റമാണ് ഓഹരി വിപണിയെ പുതിയ റെക്കോഡ് നിലവാരത്തിലെത്തിച്ചത്. ഈ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്തത് ബാങ്കിംഗ്, ഐടി ഓഹരികളാണ്. സെന്‍സെക്സ് 42,597 പോയിന്റിലാണ് ക്ലോസ് ചെയ്തത്. 12,474 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി 12,461 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
പ്രധാനമായും ബാങ്ക് ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് സൂചിക 2.74 ശതമാനം ഉയര്‍ന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ 4 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി. മെറ്റല്‍ സൂചികകളിലും മുന്നേറ്റ പ്രവണത ദൃശ്യമായിരുന്നു. നിഫ്റ്റി മെറ്റല്‍ സൂചിക 1.80 ശതമാനം ഉയര്‍ന്നു.
നിഫ്റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 43 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 7 ഓഹരികളാണ് നഷ്ടത്തിലായത്. ദിവിസ് ലാബ്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. ദിവിസ് ലാബ് 5.78 ശതമാനം നേട്ടം രേഖപ്പെടുത്തി. സിപ്ല, അദാനി പോര്‍ട്സ്, മാരുതി സുസുകി, ഐടിസി, ഗ്രാസിം എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. സിപ്ല 3 ശതമാനത്തിന് മുകളില്‍ നഷ്ടം നേരിട്ടു.