മുംബൈ: ഇന്നലെ സംഭവിച്ച നഷ്‌ടം ഇന്ന് ഓഹരി വിപണി നികത്തി. സെന്‍സെക്‌സ് 376 പോയിന്റും നിഫ്‌റ്റി 121 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്‌തത്.
രാവിലെ വ്യാപാരം തുടങ്ങിയത് നേരിയ നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട് നഷ്‌ടത്തിലേക്ക് നീങ്ങി. എന്നാല്‍ അതിനു ശേഷം ശക്തമായ കരകയറ്റമാണ് വിപണിയില്‍ കണ്ടത്. താഴ്‌ന്ന നിലയില്‍ നിന്നും നിഫ്‌റ്റി 175 പോയിന്റ് ഉയര്‍ന്നു.
സെന്‍സെക്‌സ് 40,522 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,555 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. 39,978 പോയിന്റാണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില. 40,000 പോയിന്റ് ശക്തമായ താങ്ങായി നിലകൊണ്ടു.
ഇന്നലെ നിഫ്‌റ്റി 11,800 പോയിന്റിലെ താങ്ങ് ഭേദിച്ച് ഇടിഞ്ഞെങ്കിലും ഇന്ന് ആ നിലവാരത്തിന് മുകളിലേക്ക് ഉയര്‍ന്നു. 11,899 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 121 പോയിന്റ് നേട്ടം രേഖപ്പെടുത്തി. 1,723 പോയിന്റ് വരെ ഇടിഞ്ഞെങ്കിലും ശക്തമായ കരകയറ്റത്തിനൊടുവില്‍ നിഫ്‌റ്റി 11,889 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 32 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 18 ഓഹരികള്‍ നഷ്‌ടത്തിലായി. കോട്ടക് മഹീന്ദ്ര ബാങ്ക്, നെസ്ലേ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ശ്രീ സിമന്റ്‌സ്, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.
കോട്ടക് മഹീന്ദ്ര ബാങ്ക് 11.70 ശതമാനം നേട്ടം രേഖപ്പെടുത്തി. ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തന ഫലം വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ മികച്ചതാണ്. ഇതാണ് ഓഹരി വില കുതിക്കാന്‍ കാരണമായത്. നെസ്ലേ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ശ്രീ സിമന്റ്‌സ് എന്നീ ഓഹരികള്‍ 5 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ബാങ്ക് ഓഹരികളാണ് ഇന്ന് മിച്ച നേട്ടം രേഖപ്പെടുത്തിയത്. നിഫ്‌റ്റി ബാങ്ക് സൂചിക 2.88 ശതമാനം ഉയര്‍ന്നു. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ മികച്ച പ്രവര്‍ത്തന ഫലമാണ് മറ്റ് ബാങ്ക് ഓഹരികളുടെയും മുന്നേറ്റത്തിന് വഴിവെച്ചത്. അതേസമയം ഐടി ഓഹരികള്‍ നഷ്‌ടം നേരിട്ടു. എച്ച്.ഡി.എഫ്.സി, ടിസിഎസ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, വിപ്രോ എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. എച്ച്.ഡി.എഫ്.സി 2 ശതമാനത്തിലേറെ ഇടിഞ്ഞു.