മുംബൈ: നിഫ്‌റ്റി വീണ്ടും 12,000 പോയിന്റിന് മുകളിലേക്ക് ഉയരുന്നതിന് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചുവെങ്കിലും പിന്നീട് കടുത്ത ചാഞ്ചാട്ടം നേരിട്ടു. വ്യാപാരാന്ത്യത്തില്‍ നിഫ്‌റ്റി 16 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 84 പോയിന്റ് ഉയര്‍ന്നു. തുടര്‍ച്ചയായ എട്ടാമത്തെ ദിവസമാണ് വിപണി മുന്നേറുന്നത്.
നിഫ്‌റ്റി 12,022 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും പിന്നീട് ലാഭമെടുപ്പ് ദൃശ്യമായി. ചാഞ്ചാട്ടത്തിനിടെ 11,867 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യത്തില്‍ നേട്ടം രേഖപ്പെടുത്താന്‍ സാധിച്ചു. 11,930 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
40,593 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്. 40,387 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. 40,905 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. ഓഗസ്റ്റിലെ ഉയര്‍ന്ന നിലവാരത്തെ പിന്നിലാക്കിയുള്ള കുതിപ്പ് വിപണി തുടരുകയാണ് ചെയ്‌തത്.
ഓഹരി സൂചിക നേട്ടത്തിലാണ് ക്ലോസ് ചെയ്‌തതെങ്കിലും നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും നഷ്‌ടത്തിലായിരുന്നു. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 26 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 24 ഓഹരികളാണ് നഷ്‌ടത്തിലായത്.
ഇന്‍ഫോസിസ്, ഐടിസി, യുപിഎല്‍, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഇന്‍ഫോസിസ് 2.39 ശതമാനവും ഐടിസി 2.74 ശതമാനവും ഉയര്‍ന്നു.
ഭാരതി എയര്‍ടെല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഗെയില്‍, എച്ച്‌ഡിഎഫ്‌സി ലൈഫ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഭാരതി എയര്‍ടെല്‍, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഗെയില്‍ എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ ഇടിവ് നേരിട്ടു. ഐടി, ഫാര്‍മ ഓഹരികളാണ് ഇന്ന് പ്രധാനമായും ഉയര്‍ന്നത്. നിഫ്‌റ്റി ഐടി സൂചിക 1.67 ശതമാനം ഉയര്‍ന്നു. അതേ സമയം ബാങ്ക്, മെറ്റല്‍ ഓഹരികള്‍ ഇടിവ് നേരിട്ടു.
മെറ്റല്‍ & മൈനിംഗ് രംഗത്തെ പ്രമുഖ കമ്പനിയായ ഡിലിസ്റ്റിംഗ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് വേദാന്തയുടെ ഓഹരി വില കനത്ത ഇടിവാണ് ഇന്ന് നേരിട്ടത്. ഓഹരി വില 20 ശതമാനത്തിലേറെ ഇടിഞ്ഞു. കഴിഞ്ഞ മാസം 141 രൂപ വരെ ഉയര്‍ന്ന ഓഹരി ഇന്ന് ഒരു ഘട്ടത്തില്‍ 95 രൂപയുടെ താഴേക്ക് ഇടിയുന്നതാണ് കണ്ടത്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് ഒരു കമ്പനിയുടെ ഓഹരികള്‍ പിന്‍വലിക്കുന്നതിനെയാണ് ഡിലിസ്റ്റിംഗ് എന്ന് പറയുന്നത്. ഡിലിസ്റ്റ് ചെയ്യാന്‍ നിശ്ചിത ശതമാനം ഓഹരികളെങ്കിലും പ്രൊമോട്ടര്‍മാരല്ലാത്ത ഓഹരിയുടമകളില്‍ നിന്ന് വാങ്ങാന്‍ കമ്പനിക്ക് സാധിച്ചിരിക്കണം. ആവശ്യമായ അത്രയും ഓഹരികള്‍ തിരികെ വാങ്ങാനുള്ള ടെണ്ടറുകള്‍ ലഭിക്കാത്തതാണ് ഡിലിസ്‌റ്റിംഗ് പരാജയപ്പെടാന്‍ കാരണം.