മുംബൈ: കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിക്ക് ഇന്ന് കറുത്ത വെള്ളിയാഴ്ച ആയിരുന്നു. സെന്‍സെക്സ് 1939 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 568 പോയിന്റ് നഷ്ടമാണ് നേരിട്ടത്. ആഗോള വ്യാപകമായി ബോണ്ട് വിപണിയിലുണ്ടായ വില്‍പ്പന സമ്മര്‍ദം ഓഹരി വിപണിയെ ശക്തമായ ഇടിവിലേക്ക് നയിക്കുകയായിരുന്നു.
2010 മെയ് മാസത്തിനു ശേഷം ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് കണ്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തെ നേട്ടം മുഴുവനായി നഷ്ടപ്പെടുത്തിയ വിപണി ശക്തമായ തിരുത്തലാണ് നേരിട്ടത്. നിഫ്റ്റിയും സെന്‍സെക്സും 3.8 ശതമാനം വീതം ഇടിവാണ് ഇന്ന് നേരിട്ടത്. നിഫ്റ്റിയിലെ 50 ഓഹരികളും ഇന്ന് നഷ്ടം രേഖപ്പെടുത്തി.
ഇന്ന് നിഫ്റ്റി അവസാന മണിക്കൂറില്‍ 14,468 പോയിന്റ് വരെ ഇടിഞ്ഞു. ശക്തമായ വില്‍പ്പന സമ്മര്‍ദത്തിനു ശേഷം 14,500ലെ താങ്ങിന് മുകളിലായി വിപണിക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചു.
ഇന്ന് എല്ലാ മേഖലകളും വില്‍പ്പന സമ്മര്‍ദം നേരിട്ടു. ബാങ്ക് നിഫ്റ്റിയാണ് ഏറ്റവും സാരമായ നഷ്ടം നേരിട്ടത്. 4.78 ശതമാനമാണ് ബാങ്ക് നിഫ്റ്റ ഇടിഞ്ഞത്. 1745 പോയിന്റ് ഇടിഞ്ഞ ബാങ്ക് നിഫ്റ്റി 35,000 പോയിന്റിന് താഴെയായാണ് ക്ലോസ് ചെയ്തത്. പൊതുമേഖലാ ബാങ്ക് സൂചിക നാല് ശതമാനവും സ്വകാര്യ മേഖലാ ബാങ്ക് സൂചിക 4.67 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി ഓട്ടോ സൂചിക 3.12 ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക 2.70 ശതമാനവും തിരുത്തല്‍ നേരിട്ടു. നിഫ്റ്റി ഫാര്‍മ സൂചിക വ്യാപാരത്തിനിടെ നേട്ടം രേഖപ്പെടുത്തിയെങ്കിലും അവസാന മണിക്കൂറുകളില്‍ വില്‍പ്പന സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് 1.8 ശതമാനം ഇടിവോടെ ക്ലോസ് ചെയ്തു.