മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടം രേഖപ്പെടുത്തി. ഇന്ന് സെന്‍സെക്സ് 434 പോയിന്റ് ഇടിഞ്ഞു. 51,000ന് താഴേക്ക് ഇടിയുന്നതിനാണ് ഇന്ന് വിപണി സാക്ഷ്യം വഹിച്ചത്.
നിഫ്റ്റി 137 പോയിന്റ് ഇടിവ് നേരിട്ടു. 14,898 പോയിന്റ് വരെ ഇടിഞ്ഞ നിഫ്റ്റി 14,981ലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 50,899ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് എല്ലാ മേഖലകളിലെ ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ശക്തമായി. ബാങ്ക് നിഫ്റ്റി രണ്ട് ശതമാനം നഷ്ടം നേരിട്ടു. നാല് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനു ശേഷം പൊതുമേഖലാ ബാങ്കുകളും തിരുത്തലിന് വിധേയമായി. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 4.8 ശതമാനമാണ് ഇടിഞ്ഞത്.
നിഫ്റ്റി ഓട്ടോ സൂചിക 2.6 ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക 2 ശതമാനവും നിഫ്റ്റി ഫാര്‍മ സൂചിക 1.4 ശതമാനവും ഇടിഞ്ഞു. വിപണിയിലെ എല്ലാ മേഖലകളിലും ഇടിവ് പ്രകടമായിരുന്നു. നിഫ്റ്റി മിഡ്കാപ് സൂചിക 1.6 ശതമാനവും സ്മോള്‍കാപ് സൂചിക 0.9 ശതമാനവും ഇടിഞ്ഞു. എന്‍എസ്ഇയിലെ 1176 ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ 716 ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.