മുംബൈ: സെന്‍സെക്സ് 834 പോയിന്റ് നേട്ടം രേഖപ്പെടുത്തുകയും ഓഹരി വിപണി ശക്തമായ കരകയറ്റം നടത്തുകയും ചെയ്തു. സെന്‍സെക്സ് 49,000 പോയിന്റിനും നിഫ്റ്റി 14,500നും മുകളിലേക്ക് ഉയര്‍ന്നു.
രണ്ട് ദിവസത്തെ തിരുത്തലിനു ശേഷം ഓഹരി വിപണി ശക്തമായ പ്രകടനമാണ് കാഴ്ച വെച്ചത്. രാവിലെ 90 പോയിന്റ് ഉയര്‍ന്ന നിലയില്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് നേട്ടം മെച്ചപ്പെടുത്തുന്നതാണ് കണ്ടത്. നിഫ്റ്റി ഇന്ന് 240 പോയിന്റാണ് ഉയര്‍ന്നത്.
ആഗോള സൂചനകള്‍ വിപണിയുടെ പ്രകടനത്തെ തുണച്ചു. 14,500ന് മുകളില്‍ നിഫ്റ്റി ക്ലോസ് ചെയ്തതോടെ കരടികളില്‍ നിന്നും കാളകള്‍ വീണ്ടും വിപണിയിലെ മേധാവിത്തം തിരിച്ചുപിടിച്ചുവെന്ന് പറയാം. റിയല്‍ എസ്റ്റേറ്റ്, മെറ്റല്‍, പൊതുമേഖലാ ബാങ്ക് ഓഹരികളാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്. നിഫ്റ്റി റിയല്‍ എസ്റ്റേറ്റ് ഇന്‍ഡക്സ് 4.3 ശതമാനം ഉയര്‍ന്നു.
നിഫ്റ്റിയിലെ 50 ഓഹരികളില്‍ 45ഉം ഇന്ന് നേട്ടം രേഖപ്പെടുത്തി. ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്റ്റി ഓഹരി ബജാജ് ഫിന്‍സെര്‍വാണ്. ഏഴ് ശതമാനത്തോളമാണ് ബജാജ് ഫിന്‍സെര്‍വിന്റെ ഓഹരി വില ഉയര്‍ന്നത്. ടാറ്റാ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളും 5 ശതമാനത്തിലേറെ ഉയര്‍ന്നു.