തിരുവനന്തപുരം: പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് പൊതുപരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്ക പരുഹരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. തിടുക്കപ്പെട്ട് പരീക്ഷകള്‍ പതിവ് സമയത്ത് നടത്തി തീര്‍ക്കാനുള്ള തീരുമാനം കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ പുന:പരിശോധന ആവശ്യമാണെന്നും ബന്ധപ്പെട്ടവരുടെ ആശങ്കകള്‍ എത്രയും വേഗം ദൂരീകരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഈ അക്കാദമിക വര്‍ഷം ഇതുവരെയും ക്ലാസ്സുകള്‍ നടന്നത് ഡിജിറ്റല്‍ രീതിയിലാണ്. പ്ലസ് ടു വില്‍ 46 വിഷയങ്ങള്‍ ഉള്ളതില്‍ 17 വിഷയങ്ങളില്‍ മാത്രമാണ് ഡിജിറ്റല്‍ ക്ലാസുകള്‍ നടന്നിട്ടുള്ളത്. എല്ലാ ക്ലാസുകളിലും നടന്ന ക്ലാസുകള്‍ ആകട്ടെ സമയക്കുറവു കൊണ്ടും വേഗത കാരണവും മറ്റും ഉള്ളടക്കം മനസ്സിലാക്കുന്നതില്‍ കുട്ടികള്‍ക്ക് ഒട്ടേറെ പ്രയാസം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പരിഷത്ത് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുമ്പില്‍ ഉണ്ട്.
പല വിഷയങ്ങളിലും ആകെ ഉള്ളടക്കത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഓണ്‍ലൈനിലൂടെ ഇതിനകം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്. ഡിജിറ്റല്‍ ക്ലാസുകള്‍ മുഖാമുഖ ക്ലാസുകള്‍ക്ക് ബദല്‍ അല്ലെന്നും മതിയായ അളവില്‍ മുഖാമുഖ ക്ലാസുകള്‍ നടത്തിയതിനുശേഷമേ പൊതുപരീക്ഷ ഉണ്ടാകുകയുള്ളുവെന്നും സംസ്ഥാന സര്‍ക്കാര്‍ തന്നെ നേരത്തെ വ്യക്തമാക്കിയതുമാണെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
തീരുമാനമെടുക്കുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. പത്താം ക്ലാസിലെ പരീക്ഷയും തുടര്‍ന്നുള്ള പഠനവും ഒരു പരിധിവരെ സംസ്ഥാനത്തിനകത്ത് തീരുമാനിക്കാം. എന്നാല്‍ അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷകള്‍ എഴുതി സംസ്ഥാനത്തിന് പുറത്ത് ഉള്‍പ്പെടെ തുടര്‍പഠനം നടത്താന്‍ ആഗ്രഹിക്കുന്ന പ്ലസ് ടു കുട്ടികളുടെ കാര്യത്തില്‍ എടുക്കുന്ന തീരുമാനം, കേന്ദ്ര സര്‍ക്കാരും കേന്ദ്ര പരീക്ഷാ ബോര്‍ഡുകളും കൈക്കൊള്ളുന്ന തീരുമാനത്തെ കൂടി കണക്കിലെടുത്തേ ആകാവൂ എന്നും പത്രക്കുറിപ്പില്‍ പറയുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍
1. പത്താം ക്ലാസിലെ പൊതുപരീക്ഷ മെയ് അവസാന വാരം നടക്കുന്ന രീതിയില്‍ ക്രമീകരിക്കാം. തെരഞ്ഞെടുപ്പ് തീയതി കൂടി വന്നു കഴിഞ്ഞേ അന്തിമമായ ടൈംടേബിള്‍ തീരുമാനിക്കാവൂ.
2. ഇതോടൊപ്പം കേന്ദ്ര ബോര്‍ഡുകളുടെ തീയതികളും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളും കൂടി പരിഗണിച്ച് പ്ലസ് ടു വിന്റെ പരീക്ഷാ ടൈംടേബിള്‍ തീരുമാനിക്കുന്നതാകും ഉചിതം.
3. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട് മാത്രമേ പരീക്ഷയുടെ ചോദ്യരീതിയും നടത്തിപ്പും തീരുമാനിക്കാവൂ. പാഠഭാഗങ്ങള്‍ പരമാവധി പൂര്‍ത്തീകരിക്കുക എന്നത് പ്രധാനമാണ്. അതേസമയം കുട്ടികള്‍ക്ക് പലഭാഗങ്ങളും വേണ്ടത്ര മനസ്സിലാക്കിയെടുക്കാന്‍ ഇനി സമയമില്ല എന്ന വസ്തുത കൂടി പരിഗണിക്കണം. അതുകൊണ്ട് അവര്‍ നന്നായി തയ്യാറായ പാഠഭാഗങ്ങളിലെ ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയും വിധം പതിവില്‍ നിന്ന് ഭിന്നമായി വളരെ കൂടുതല്‍ ചോയ്‌സ് നല്‍കാന്‍ ശ്രമിക്കണം. ഒപ്പം ആഴത്തിലുള്ള പഠനം വേണ്ടത്ര നടക്കാന്‍ ഇടയില്ലാത്ത സാഹചര്യത്തില്‍ ചോദ്യങ്ങള്‍ പൊതുവേ എളുപ്പമുള്ളതാക്കാനും ശ്രദ്ധ വേണം. അപ്രകാരം തയ്യാറാക്കുന്ന ചോദ്യപ്പേപ്പറിനെക്കുറിച്ച് കുട്ടികള്‍ക്ക് നല്ല ധാരണയുണ്ടാവണം. അതിനായി ഒരു മാതൃകാപരീക്ഷ നടത്തുന്നത് നന്നായിരിക്കും. കുട്ടികള്‍ തെരഞ്ഞെടുത്ത് നല്‍കുന്ന പഠന ഉല്‍പ്പന്നങ്ങളെ പരിഗണിച്ചു മാത്രമേ ഇപ്രാവശ്യം സി.ഇ. സ്‌കോറുകള്‍ നല്‍കൂ എന്നും തീരുമാനിക്കണം.
4. പരീക്ഷ സംബന്ധിച്ച മറ്റ് ഏതു തീരുമാനവും കുട്ടികളുടെ ഭാഗത്തുനിന്ന് കാര്യങ്ങളെ കണ്ടുകൊണ്ടുള്ള രീതിയില്‍ ആവണം.
5. കുട്ടികള്‍ക്ക് ഉണ്ടാവാന്‍ ഇടയുള്ള മാനസികസമ്മര്‍ദം പരിഗണിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക വിശദീകരണം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളണം. ഇനിയുള്ള ദിവസങ്ങളില്‍ എങ്ങനെ മുന്നോട്ടു പോകണം എന്നതു സംബന്ധിച്ച് അധ്യാപകര്‍ക്കും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. കൂടാതെ സമ്മര്‍ദം ലഘൂകരിക്കുന്നതിനുള്ള കൗണ്‍സലിംഗ് സംവിധാനങ്ങള്‍ സ്‌കൂള്‍, ജില്ല, സംസ്ഥാന തലങ്ങളില്‍ ഏര്‍പ്പെടുത്തണം. പഠനവും പരീക്ഷയും സംബന്ധിച്ച ഏത് ആശങ്കയും അപ്പപ്പോള്‍ ദൂരീകരിക്കാന്‍ കഴിയണം.
6. ആദിവാസി തീരദേശ മേഖലകളില്‍ നിന്നുള്ള കുട്ടികളും കോളനികളില്‍ വസിക്കുന്നവരും ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരും ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്നവരും നിലവിലുള്ള സാഹചര്യത്തില്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇവരുടെ കാര്യത്തില്‍ സര്‍ക്കാരും സ്‌കൂള്‍ അധികൃതരും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഗൃഹസന്ദര്‍ശനം, ഇതര പിന്തുണകള്‍ എന്നിവ തദ്ദേശ ഭരണാധികാരികളുടെയും പി.ടി.എ.യുടെയും നേതൃത്വത്തില്‍ ആസൂത്രണം ചെയ്യാന്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണം.
7. പ്ലസ് ടു വിന്റെ പരീക്ഷ, തുടര്‍പഠനം എന്നിവ സംബന്ധിച്ച് എല്ലാ വശങ്ങളും പരിഗണിച്ചു കൊണ്ടുള്ള കേന്ദ്ര തലത്തിലുള്ള തീരുമാനങ്ങള്‍ എത്രയും വേഗം ഉണ്ടാവേണ്ടതുണ്ട്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഇതോടൊപ്പം അഭ്യര്‍ഥിക്കുന്നു.
ജൂണ്‍ ഒന്നിനു തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനും അത് തുടര്‍ച്ചയായി നടത്താനും കുട്ടികള്‍ക്ക് അവരുടെ അധ്യാപകര്‍ വഴി പഠനപിന്തുണ ഉറപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ കാണിച്ച ശ്രദ്ധയും താല്‍പര്യവും ആസൂത്രണ മികവും പൊതുപരീക്ഷ സംബന്ധിച്ച കാര്യങ്ങളിലും ഉണ്ടാവണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.