Web Desk
കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ വിവാദത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയുമായി ഒത്തുകളിച്ചാണ് പരാജയപ്പെട്ടതെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
2011-ല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നു എന്ന ആരോപണവുമായി മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായാണ് ശ്രീലങ്കന്‍ കായികമന്ത്രാലയ സെക്രട്ടറി കെ.ഡി.എസ് റുവാന്‍ചന്ദ്രയെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദിവസങ്ങള്‍ക്കു മുമ്പ് ശ്രീലങ്കന്‍ മാധ്യമമായ സിരാസ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് 2011-ലെ ലോകകപ്പ് ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍കുകയായിരുന്നു എന്ന ആരോപണം മഹിന്ദാനന്ദ അലുത്ഗാമേജ ഉയര്‍ത്തിയത്. ശ്രീലങ്കന്‍ കളിക്കാരെ താന്‍ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നില്ലെന്നും എങ്കിലും ചില ഗ്രൂപ്പുകള്‍ ഇതില്‍ പങ്കാളികളാണ് എന്നും മന്ത്രി ആരോപിച്ചിരുന്നു.
അതേസമയം മുന്‍ കായികമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി 2011 ലോകകപ്പിലെ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനെയും രംഗത്തെത്തിയിരുന്നു. തെളിവുണ്ടെങ്കില്‍ ഐ.സി.സിക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും സുരക്ഷാ യൂണിറ്റിനും കൈമാറണമെന്ന് സംഗക്കാര ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തെത്തിയോ എന്നായിരുന്നു വിവാദത്തോട് ജയവര്‍ധനയുടെ പരിഹാസ പ്രതികരണം. ‘സര്‍ക്കസ് തുടങ്ങിയെന്ന് തോന്നുന്നു. പേരുകളും തെളിവുകളും എവിടെ’? എന്നായിരുന്നു ജയവര്‍ധന ട്വീറ്റ് ചെയ്തത്.