തിരുവനന്തപുരം: നാളെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍. നിയമസഭയ്ക്കുള്ളിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം തുടങ്ങി കോവിഡ് പരിശോധന സൗകര്യങ്ങള്‍ അടക്കമുള്ള വിപുലമായ സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കി.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനാണ് നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത്. ഒന്‍പത് മണിക്കാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരയുള്ള പ്രമേയം അവതരിപ്പിച്ചശേഷം കക്ഷിനേതാക്കള്‍ സംസാരിക്കും. പിന്നീട് പ്രമേയം അംഗീകരിച്ച് പിരിയും.
കോവിഡ് സാഹചര്യത്തില്‍ എംഎല്‍എമാര്‍ക്ക് അകലം പാലിച്ചാണ് ഇരിപ്പിടം ഒരുക്കുക. രണ്ടുപേര്‍ക്കിരിക്കാവുന്ന സീറ്റ് ഒരാള്‍ക്കായി നല്‍കും. അധികം സീറ്റുകള്‍ പ്രധാന ഹാളില്‍ തയ്യാറാക്കും. മാസ്‌ക്ക്, സാനിറ്റസര്‍ എന്നിവ നിര്‍ബന്ധമാണ്. ഇത് ജീവനക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും ബാധകമാണ്. ശരീര ഊഷ്മാവ് പരിശോധിച്ചാവും എല്ലാവരെയും സഭാ സമുച്ചയത്തിലേക്ക് പ്രവേശിപ്പിക്കുക.
കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കും പരിശോധന വേണമെന്നുള്ളര്‍ക്കും ടെസ്റ്റിംങിനുള്ള സൗകര്യമൊരുക്കും. ഇതിന് ആരോഗ്യവകുപ്പിന്റെ സഹായം തേടും. അത്യാവശ്യമുള്ള ജീവനക്കാരെയാവും പ്രധാന ഹാളിലും പുറത്തും നിയോഗിക്കുക. ജനുവരി എട്ടിന് ബജറ്റിനും വോട്ട് ഓണ്‍ അക്കൗണ്ടിനുമായി വീണ്ടും നിയമസഭ ചേരും.